പുതുക്കിയ ക്രിമിനൽ നിയമം, ജില്ലയിൽ ആദ്യദിനം 17 കേസുകൾ
പത്തനംതിട്ട : പുതുക്കിയ ക്രിമിനൽ നിയമം പ്രാബല്യത്തിലായതോടെ ജില്ലയിൽ 15 ബി.എൻ.എസ് കേസും 2 ബി.എൻ.എസ്.എസ് കേസുമാണ് ആദ്യദിനം രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച ആകെ 35 കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും 17 കേസുകളാണ് നിയമം പ്രാബല്യത്തിലായതിന് ശേഷം രജിസ്റ്റർ ചെയ്തത്. കുറ്റകൃത്യത്തെക്കുറിച്ച് ഇനി ഏത് സ്റ്റേഷനിലും പരാതി നൽകാം. രണ്ടാംനിര തെളിവുകളായിരുന്ന ഡിജിറ്റൽ തെളിവുകൾ പുതിയ നിയമപ്രകാരം പ്രാഥമിക തെളിവുകളാകും. ഫോൺ രേഖകൾ, വീഡിയോ , ഓഡിയോ രേഖകൾ, സി.സി.ടി.വി ദൃശ്യങ്ങൾ, ടവർ ലൊക്കേഷൻ എന്നിവയെല്ലാം ഇനി നിർണായകമായ തെളിവാകും.
ബി.എൻ.എസ്.എസ് ( പഴയ സി.ആർ.പി.സി)
ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) പ്രകാരം ജില്ലയിൽ ആദ്യത്തെ കേസ് എടുത്തത് ആറൻമുള പൊലീസ് സ്‌റ്റേഷനിലാണ്. നാരങ്ങാനം സ്വദേശിയുടെ അസ്വാഭാവിക മരണത്തിന് രാവിലെ 7.30ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ബി.എൻ.എസ് ( പഴയ ഐ.പി.സി))
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) അനുസരിച്ച്
ജില്ലയിൽ ആദ്യം കേസ് രജിസ്‌റ്റർ ചെയ്തിരിക്കുന്നത് പെരുമ്പെട്ടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഇരുചക്രവാഹന യാത്രികനെതിരെയാണ്. ചാലപ്പള്ളി- വെള്ളയിൽ റോഡിൽ അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചതിനാണ് ബി.എൻ.എസ് രജിസ്റ്റർ ചെയ്തത്.