സോളാർ വൈദ്യുതി നികുതി കൂട്ടിയത് പിൻവലിക്കും

Wednesday 03 July 2024 3:18 AM IST

തിരുവനന്തപുരം: സോളാർ വൈദ്യുതിക്ക് ജനറേഷൻ നികുതി 1.2 പൈസയിൽ നിന്ന് യൂണിറ്റിന് 15 പൈസയായി ഉയർത്തിയ നടപടി പിൻവലിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.സംസ്ഥാന ബഡ്ജറ്റിലാണ് നികുതി കൂട്ടാൻ തീരുമാനിച്ചിരുന്നത്.

ധനകാര്യ ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.ബിൽ പിന്നീട് സംയുക്ത സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

കോടതി ഫീസുകൾ കൂട്ടുമ്പോൾ കുടുംബ കോടതിയിലെ ചെലവുകളെ അതിൽ നിന്ന് ഒഴിവാക്കണമെന്ന നിർദ്ദേശവും സർക്കാർ പരിഗണിക്കും. . 1963ൽ നിശ്ചയിച്ച വൈദ്യുതി തീരുവ 6 പൈസയിൽ നിന്ന് യൂണിറ്റിന് 10 പൈസയാക്കി കൂട്ടാനും മോട്ടോർ വാഹനങ്ങൾക്ക് നികുതി കുറയ്ക്കാനും 1984 മുതൽ നിലവിലുള്ള കോടതി ചെലവുകൾ കൂട്ടാനും ലക്ഷ്യമിട്ടാണ് ധനബിൽ കൊണ്ടുവന്നത്.ജി.എസ്.ടി. നടപ്പാക്കുന്നതിന് മുമ്പുള്ള നികുതി കുടിശികകളിൽ കുടിശികക്കാർ മരിച്ചതും സ്ഥാപനങ്ങൾ പൂട്ടിപ്പോയതും പരിഗണിച്ച് 50000 രൂപ വരെയുള്ള 22667 പേരുടെ നികുതി കുടിശിക എഴുതിത്തള്ളും. അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ കുടിശികയുള്ള 21436 പേർ കുടിശികയുടെ 30% അടച്ചാൽ ബാക്കി എഴുതിത്തള്ളും. പത്തു ലക്ഷം രൂപ വരെ കുടിശികയുള്ളവരിൽ കേസിന് പോകാത്തവർ 50%,ഉം, പോയവർ 40%ഉം അടച്ചാലും അതിന് മുകളിൽ കുടിശികയുള്ളവരിൽ കേസിന് പോയവർ 70%ഉം, മറ്റുള്ളവർ 80% ഉം അടച്ചാലും ബാധ്യത ഒഴിവാക്കും. കേസിന് പോയവർ ഒരു വിഹിതം കെട്ടിവച്ചത് പരിഗണിച്ചാണ് പത്തു ശതമാനം അധികം കിഴിവ് നൽകുന്നത്.

Advertisement
Advertisement