കേരളത്തില്‍ നിന്ന് 5വര്‍ഷത്തിനിടെ കാണാതായത് 35,336 സ്ത്രീകളെ, ഇനിയും കണ്ടെത്താനുള്ളത് 170 പേരെ

Wednesday 03 July 2024 12:37 AM IST

തിരുവനന്തപുരം: കേരളത്തില്‍ 2017മുതല്‍ 2021വരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ 35,336 സ്ത്രീകളില്‍ 170പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരം കേസുകള്‍ ഒളിച്ചോട്ടമായും നാടുവിടലായും മറ്റും എഴുതിത്തള്ളുകയാണ് പതിവ്. 2021നു ശേഷമുള്ള കണക്കുകള്‍ പൊലീസ് പുറത്തുവിടുന്നില്ല.

അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ കാണാതായതിന് കണക്കും കേസുമില്ല. മാന്നാറില്‍ 15വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ പശ്ചാത്തലത്തില്‍ കാണാതായവരെക്കുറിച്ച് വിശദ അന്വേഷണം അനിവാര്യമാണ്.

ഐ.ജിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലകളിലെ സി-ബ്രാഞ്ചുകള്‍ ഇത്തരം കേസുകള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും വേഗത പോരാ. ഒളിച്ചോടിയെന്ന് ഭര്‍ത്താവോ ബന്ധുക്കളോ നല്‍കുന്ന മൊഴി വിശ്വസിക്കുകയാണ് പതിവ്. അടുത്തിടെ കാണാതായ കൊച്ചി എടവനക്കാട്ടെ രമ്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്നാണ് ഭര്‍ത്താവ് സജീവന്‍ പ്രചരിപ്പിച്ചത്. പക്ഷേ രമ്യയെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തി വാടകവീട്ടിന്റെ മുറ്റത്ത് കുഴിച്ചിട്ടിരിക്കയായിരുന്നു. കാണാനില്ലെന്ന് പരസ്യം നല്‍കിയ ശേഷം കേസ് അവസാനിപ്പിക്കാനായിരുന്നു പൊലീസിനും തിടുക്കം.

കൊല്ലം,പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഏതാനും വര്‍ഷത്തിനിടെ കാണാതായ 42സ്ത്രീകളെ കണ്ടെത്താനായിട്ടില്ല. ( കൊല്ലത്ത്-24, പത്തനംതിട്ടയില്‍-12, കാസര്‍കോട്ട് 6).

ഏതാനും വര്‍ഷങ്ങളായി ആറായിത്തിലേറെ സ്ത്രീകളെ കാണാതായി.ഭൂരിപക്ഷവും പ്രണയവും ഒളിച്ചോട്ടവുമാണ്. 2016മുതല്‍ ഇതുവരെ 1550 സ്ത്രീകളെ തട്ടിക്കൊണ്ടു പോയതിന് കേസുണ്ട്. ഇക്കൊല്ലം ഏപ്രില്‍ വരെ 38സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. പ്രതിവര്‍ഷം ശരാശരി 984പെണ്‍കുട്ടികളെ കാണാതാവുന്നു. 922പേരെ വരെ കണ്ടെത്തി. ഈ കേസുകളില്‍ ഭിക്ഷാടനമാഫിയ, അവയവക്കടത്ത് കേന്ദ്രീകരിച്ചാണ് അന്വേഷണം.

മറയുന്നത് എങ്ങോട്ട്

പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോട്ടം

ഭര്‍ത്താവോ ബന്ധുക്കളോ കൊലപ്പെടുത്തല്‍

ജോലിക്കായി വിദൂരസ്ഥലങ്ങളില്‍

കുടുംബത്തെ ഉപേക്ഷിച്ച് പോക്ക്

തീവ്രവാദ റിക്രൂട്ട്‌മെന്റ്

പെണ്‍വാണിഭ മാഫിയയുടെ പിടിയില്‍

ഭിക്ഷാടന, അവയവ റാക്കറ്റിന്റെ പിടിയില്‍

5വര്‍ഷം, 35,336 പേരെ കാണാതായി

2017--------------6076

2018--------------7839

2019--------------8843

2020--------------6395

2021--------------6183

(കേന്ദ്രസര്‍ക്കാര്‍ കണക്ക്)

തട്ടിക്കൊണ്ടുപോകല്‍

2016---------166

2017---------184

2018---------173

2019---------227

2020---------151

2021---------179

2022---------241

2023---------191

2024----------38

(ഏപ്രില്‍ വരെ)

''സ്ത്രീകളെയും കുട്ടികളെയും കാണാതായാല്‍ സ്റ്റേഷന്റെ പരിധിക്കപ്പുറമാണെന്ന് പറഞ്ഞ് ഇടപെടാതിരിക്കരുത്. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയാല്‍ കര്‍ശന നടപടിയുണ്ടാവും.''

-ഡി.ജി.പിയുടെ സര്‍ക്കുലര്‍

Advertisement
Advertisement