200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയായി

Wednesday 03 July 2024 2:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടങ്ങിയ ഡിജിറ്റൽ റീസർവെ 200 വില്ലേജുകളിൽ പൂർത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത് ആഘോഷമാക്കി സർവെ ഡയറക്ടറേറ്റ്. ഉയർന്ന ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കുമൊപ്പം കേക്ക് മുറിച്ച് വകുപ്പ് മന്ത്രി കെ.രാജൻ സന്തോഷം പങ്കിട്ടു. സർവെ വിഭാഗം ജീവനക്കാരുടെ വിയർപ്പിന്റെ നേട്ടമാണിതെന്ന് ഡയറക്ടറേറ്റിലെത്തിയ മന്ത്രി പറഞ്ഞു.

1966 മുതൽ സംസ്ഥാനത്ത് കോൽക്കണക്കായും ചെയിൻ സർവെയിലൂടെയും 961 വില്ലേജുകളിൽ മാത്രമാണ് ഭൂവളവ് പൂർത്തിയാക്കിയിരുന്നത്. ഇതിലെ പോരായ്മ പരിഹരിച്ച് എല്ലാ ഭൂമിക്കും രേഖയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്

2022 നവംബർ ഒന്നിന് ഡിജിറ്റൽ റീസർവെ ആരംഭിച്ചത്. എല്ലാ ആധുനിക സംവിധാനങ്ങളോടെയും നാല് ലക്ഷം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തി, ആർക്കും പിഴുതു മാറ്റാനാവാത്ത, അതിർത്തി തർക്കങ്ങൾക്കിടവരുത്താത്ത ഡിജിറ്റൽ വേലികൾ തീർക്കുകയാണ് റവന്യു വകുപ്പ് ചെയ്തത്.2024 കഴിയുന്നതോടെ ഡിജിറ്റൽ റീസർവെയുടെ രണ്ടാം ഘട്ടം പൂർത്തീകരിക്കും. മൂന്നാംഘട്ടത്തിന്റെ പൂർത്തീകരണവും ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

റവന്യുദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ കൗശിഗൻ, ഡെപ്യൂട്ടി കമ്മിഷണർ എ ഗീത, സർവെ ഡയറക്ടർ സീറാം സാംബശിവ റാവു, എൻ. ഐ സി സീനിയർ ടെക്നിക്കൽ ഡയറക്ടർ ഒ കെ മനോജ് എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.

Advertisement
Advertisement