കൈക്കൂലി വാങ്ങിയ അസി. എൻജിനിയർ പിടിയിൽ
പുതുക്കാട്: കൈക്കൂലി വാങ്ങുന്നതിടെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ആന്റണി എം. വട്ടോളിയാണ് പിടിയിലായത്. അളഗപ്പനഗർ പഞ്ചായത്തിലെ കാന നിർമ്മാണവുമായി ബന്ധപ്പെട്ട ബില്ല് മാറാൻ കരാറുകാരൻ സെവിൻരാജിൽ നിന്നാണ് ആന്റണി 6,000 രൂപ കൈക്കൂലി വാങ്ങിയത്.
ഓഫീസിൽ വച്ച് കൈപ്പറ്റിയ പണമടങ്ങിയ ബാഗ് കാറിൽ വയ്ക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. തൃശൂർ വിജിലൻസ് ഡിവൈ.എസ്.പിക്ക് ലഭിച്ച പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്ന് 50,000 രൂപയും കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. നിരവധി പരാതികൾ ആന്റണിക്കെതിരെ ഉണ്ടായിരുന്നു. തുടർന്ന് നിരന്തരം നിരീക്ഷിക്കുകയായിരുന്നെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. കാറിൽ കണ്ടെത്തിയ പണം മറ്റൊരു കരാറുകാരൻ നൽകിയതാണെന്ന് ഇയാൾ സമ്മതിച്ചതായും വിജിലൻസ് അറിയിച്ചു.