പ്രവാസികൾക്ക് സന്തോഷിക്കാം, വരുന്ന ആഴ്‌ചയിൽ എല്ലാവർക്കും ഒരു ദിവസം ശമ്പളത്തോടെ അവധി; പ്രഖ്യാപിച്ച് യുഎഇ

Wednesday 03 July 2024 10:30 AM IST

അബുദാബി: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജൂലായ് ഏഴിന് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ച് യുഎഇ. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്‌റ) ഹിജ്‌റി പുതുവർഷത്തോടനുബന്ധിച്ചാണ് ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്. ഇസ്ലാമിക കലണ്ടറിൽ, ഈ തീയതി മുഹറം ഒന്ന് എന്നാണ് വിവർത്തനം ചെയ്യുന്നത്. പുതിയ ഹിജ്‌റി വർഷമായ ഹിജ്‌റ 1446 ന്റെ ആരംഭം കൂടിയാണിത്.

ഒമാൻ പോലുള്ള മറ്റ് രാജ്യങ്ങളും പൊതു - സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഹിജ്‌റി പുതുവത്സര അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിൽ താമസിക്കുന്നവർക്ക് ഈ വർഷം രണ്ട് പൊതു അവധികൾ ശേഷിക്കുന്നുണ്ട്. മുഹമ്മദ് നബിയുടെ ജന്മദിനവും ദേശീയ ദിനവുമാണ് അവ. ഡിസംബർ 2, 3 തീയതികളിലാണ് ദേശീയ ദിന അവധികൾ. യുഎഇ കാബിനറ്റ് 2024 ലെ അവധി പട്ടിക പ്രഖ്യാപിച്ചത് പ്രകാരമാണിത്. ജീവനക്കാർക്ക് വർഷത്തിൽ എടുക്കാവുന്ന 30 അവധികൾക്ക് പുറമെയാണിത്.

യുഎഇയിൽ ബലിപെരുന്നാളിന്റെ ഭാഗമായി പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജൂൺ 15 മുതൽ 18 വരെ അവധിയായിരുന്നു. ദുൽ ഹജ് 1445 മാസത്തിലെ ചന്ദ്രക്കല സൗദിയിൽ കണ്ടതിനെ തുടർന്ന് ജൂൺ 16നായിരുന്നു ബലിപെരുന്നാൾ. ഒമാൻ ഒഴികെയുളള ബാക്കിയെല്ലാ ഗൾഫ് രാജ്യങ്ങളിലും ജൂൺ 16നായിരുന്നു ബലിപെരുന്നാൾ. ഒമാനിൽ 17നായിരുന്നു. കേരളത്തിലും ജൂൺ 17നായിരുന്നു ബലിപെരുന്നാൾ.

Advertisement
Advertisement