'കെട്ടിടങ്ങളും കമ്പ്യൂട്ടറും മാത്രമല്ല, സംവിധാനങ്ങളിലും പെരുമാറ്റത്തിലും മാറ്റമുണ്ട്'

Wednesday 03 July 2024 6:52 PM IST

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചത് വിവാദമായ സംഭവത്തില്‍ പ്രതികരിച്ച് മുരളി തുമ്മാരുകുടി. ഫെയ്‌സ്ബുക്കില്‍ റീല്‍സ് വീണ്ടും പങ്കുവെച്ചും മാറുന്ന ഓഫീസുകള്‍ മാറേണ്ട നിയമങ്ങള്‍ എന്ന തലക്കെട്ടിലാണ് അദ്ദേഹം സംഭവത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പണ്ടത്തെ അപേക്ഷിച്ച് ഇപ്പോള്‍ വലിയ മാറ്റമുണ്ടെന്നും അതിനുള്ള കാരണം യുവാക്കള്‍ സര്‍വീസില്‍ എത്തിയപ്പോഴുള്ള തലമുറമാറ്റമാണെന്നും അദ്ദേഹം പറയുന്നു. കളക്ടര്‍ പദവിയെ ജനകീയമാക്കിയ മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് ഐഎഎസിനെ ഉദാഹരണമായി പറഞ്ഞുകൊണ്ടാണ് കുറിപ്പ്.

റീല്‍സ് ചിത്രീകരിച്ചതിന്റെ പേരില്‍ വിശദീകരണം ചോദിച്ച് വിരട്ടുകയല്ല വേണ്ടത് മറിച്ച് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

മാറുന്ന ഓഫീസുകള്‍, മാറേണ്ട നിയമങ്ങള്‍

നമ്മുടെ ഏറെ സര്‍ക്കാര്‍ ഓഫീസുകളില്‍, വില്ലേജ് ഓഫീസ് തൊട്ട് കളക്ടറേറ്റ് വരെ, പഴയ കാലത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങള്‍ ഉണ്ട്. കെട്ടിടങ്ങളിലും കമ്പ്യൂട്ടറിലും മാത്രമല്ല സംവിധാനങ്ങളിലും ചെരുമാറ്റത്തിലും മാറ്റങ്ങള്‍ ഉണ്ട്.

ഇതിന് ഒരു പ്രധാന കാരണം യുവാക്കള്‍ ഏറെ സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന തലമുറ മാറ്റമാണ്. കളക്ടര്‍ പദവിയെ ജനകീയമാക്കിയ Prasanth N ബ്രോ ഉത്തമ ഉദാഹരണമാണ്.


പുതിയ തലമുറ തൊഴില്‍ സ്ഥലത്ത് അല്പം ക്രിയേറ്റീവിറ്റി ഒക്കെ കാണിക്കുന്നത് നല്ല കാര്യമാണ്. വെളിച്ചം കയറാതെ, ഫയലുകള്‍ കെട്ടിക്കിടക്കുന്ന, ഒന്നു ചിരിക്കുക പോലും ചെയ്യാതെ ജനങ്ങളോട് യുദ്ധം ചെയ്യുന്ന ആളുകള്‍ മാത്രം തൊഴിലെടുക്കുന്ന സ്ഥലമാണെന്നുള്ള സ്റ്റീരിയോ ടൈപ്പ് മാറാന്‍ എങ്കിലും ഇത് ഉപകരിക്കും.

ഇവരെ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തു വിരട്ടുകയല്ല മറിച്ച് സര്‍ക്കാര്‍ ഓഫീസിന്റെ പുതിയമുഖം ജനങ്ങളെ കാണിക്കുന്ന താരങ്ങള്‍ ആയി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
മുരളി തുമ്മാരുകുടി