ജോലി ആസ്വദിച്ച്‌ ചെയ്യുന്നവർ ഒരോളത്തിൽ എൻജോയ് ചെയ്ത്‌ പണിയെടുക്കട്ടെ,​ പിന്തുണച്ച് എൻ പ്രശാന്ത്

Wednesday 03 July 2024 7:28 PM IST

തിരുവനന്തപുരം : തിരുവല്ല: നഗരസഭ ഓഫീസിൽ വച്ച് ചിത്രീകരിച്ച റീൽസ് വിവാദമായ സംഭവത്തിൽ ജീവനക്കാരെ പിന്തുണച്ച് മുൻ കോഴിക്കോട് കളക്ടറും സ്പെഷ്യൽ സെക്രട്ടറിയുമായ എൻ. പ്രശാന്ത് . ചട്ടങ്ങൾക്കപ്പുറം മനസ്സറിഞ്ഞ്‌ ജോലി ആസ്വദിച്ച്‌ ചെയ്യുന്നവർ ഒരോളത്തിൽ എൻജോയ് ചെയ്ത്‌ പണിയെടുക്കട്ടെ എന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ എൻ. പ്രശാന്ത് പറഞ്ഞു. .‌ റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തിൽ, പൊതുസ്ഥലത്ത്‌ ഒരു പൗരന്‌ അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഫീസ് സമയത്ത് റീൽസ് പകർത്തിയത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കൈപ്പറ്റി മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടീസിൽ പറയുന്നത്.ഒമ്പത് ജീവനക്കാർക്കാണ് നോട്ടീസ് നൽകിയത്. 'പൂവേ പൂവേ പാലപ്പൂവേ...' എന്ന പാട്ടിന് താളംപിടിച്ച് ചുവടുവച്ച് ഓഫീസ് ജോലികൾ ചെയ്യുന്ന തിരുവല്ല നഗരസഭയിലെ ജീവനക്കാർ പകർത്തിയ റീൽസ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ജീവനക്കാർ പാട്ടിനൊപ്പം ചുണ്ടനക്കി പാടുന്നതായി അഭിനയിച്ച് ഫയൽ കൈമാറുന്ന ദൃശ്യങ്ങളാണ് റീലിൽ ചിത്രീകരിച്ചത്. ഓഫീസിലെ ജീവനക്കാരുടെ കയ്യിലൂടെ ഫയൽ കൈമാറി പാട്ടിന്റെ വരികൾക്കനുസരിച്ച് ഓരോ ഭാഗത്തെയും ജീവനക്കാർ താളം പിടിച്ച് പാട്ടു പാടി വിഡിയോയുടെ ഭാഗമാകുന്നു. ദൃശ്യം പകർത്തുന്ന സമയത്ത് ഓഫീസിൽ ആൾത്തിരക്കുണ്ടായിരുന്നില്ല.

എൻ. പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഒമ്പത്‌ മണിക്ക്‌ മുന്നെയും, അഞ്ച്‌ മണി കഴിഞ്ഞും ഞായറാഴ്ചയും മറ്റ്‌ അവധിദിവസങ്ങളിലുമൊക്കെ കുറച്ച്‌ സർക്കാറുദ്യോഗസ്ഥർ ജോലി ചെയ്യുന്നത്‌ നിയമം അനുശാസിക്കുന്നത്‌ കൊണ്ടല്ല. അസംബ്ലി കൂടിയിരിക്കുന്ന ഈ സമയത്ത്‌ പല ഉദ്യോഗസ്ഥരും രാത്രി ഏറെവൈകിയാണ്‌ ഓഫീസ്‌ വിട്ട്‌ പോകുന്നത്‌. ആ കുറച്ച്‌ പേർക്ക്‌ അങ്ങനെ തോന്നുന്നത്‌ കൊ‌ണ്ടാണ്‌ ഈ സിസ്റ്റം ഇങ്ങനെയെങ്കിലും ഓടുന്നത്‌.‌

അങ്ങനെ ചട്ടങ്ങൾക്കപ്പുറം മനസ്സറിഞ്ഞ്‌ ജോലി ആസ്വദിച്ച്‌ ചെയ്യുന്നവർ ഒരോളത്തിൽ enjoy ചെയ്ത്‌ പണിയെടുക്കട്ടെ.‌ റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തിൽ, പൊതുസ്ഥലത്ത്‌ ഒരു പൗരന്‌ അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം. എത്രയോ ഉയർന്ന തസ്തികയിലിരിക്കുന്നവർ ജോലിസമയത്തും‌, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത്‌ കൂട്ടുന്നതിനെക്കാൾ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലർത്തുന്നതാണ്‌ ഇവരുടെ കലാസൃഷ്ടി‌. അസൂയ, കുശുമ്പ്‌, പുച്ഛം - മലയാളിഗുണത്രയം

Advertisement
Advertisement