വിശ്വാസപ്പേടി: അനാചാരം തടയൽ നിയമം ഫ്രീസറിൽ

Thursday 04 July 2024 1:49 AM IST

തിരുവനന്തപുരം: ആഭിചാരവും ദുർമന്ത്രവാദവും കൊലയിൽ കലാശിക്കുന്നത് സംസ്ഥനത്ത് ആവർത്തിക്കുന്നു. എന്നിട്ടും,​ പത്തുവർഷം മുൻപ് കരട് തയ്യാറാക്കിയ അന്ധവിശ്വാസ-അനാചാര നിർമ്മാർജ്ജന ബിൽ വെളിച്ചം കാണുന്നില്ല. നിയമം കൊണ്ടുവന്നാൽ,​ വിശ്വാസങ്ങൾക്ക് സർക്കാർ എതിരാണെന്ന് മതസംഘടനകൾ വ്യാഖ്യാനിക്കുമെന്ന ഭയമാണ് കാരണം.

മതസ്ഥാ‍പനങ്ങളിൽ നടക്കുന്ന ജീവന്ഹാനി‍യാകാത്ത ആചാരങ്ങളെ ശിക്ഷാനടപടികളിൽ നിന്നൊഴിവാക്കി നിയമം നടപ്പാക്കാൻ ആലോചിച്ചതാണ്. പക്ഷേ,​ മുന്നോട്ടുപോയില്ല. മതവിശ്വാസങ്ങളെ എതിർക്കാതെ അന്ധവിശ്വാസത്തെ എങ്ങനെ നിർവചിക്കുമെന്നതാണ് സർക്കാരിനെ കുഴയ്ക്കുന്നത്. 2014 ജൂലായിൽ തഴവയിലും ആഗസ്റ്റിൽ പൊന്നാനിയിലും സ്ത്രീകൾ ദുർമന്ത്രവാദ കൊലപാതകങ്ങൾക്ക് ഇരയായ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കെ.ടി.തോമസിന്റെ നേതൃത്വത്തിൽ കരടുബിൽ തയ്യാറാക്കിയത്. 2019 ഒക്ടോബറിൽ കരട് സമർപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.

അനാചാരവും അന്ധവിശ്വാസവും കണ്ടെത്താൻ പൊലീസിന് അധികാരം നൽകുന്നതാണ് നിയമം. സംഘടിതമായോ,സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലോ നടക്കുന്നവ ഒഴികെ ചടങ്ങുകൾ അനാചാരമെന്ന് നിർവചിക്കാമെന്നാണ് നിയമവകുപ്പിന്റെ നിർദ്ദേശം. എന്നാൽ ഇത് തുല്യനീതി സങ്കല്പത്തിന് എതിരാവുമെന്ന് വാദമുയർന്നു. മത,​ ആരാധനാ സ്വാതന്ത്ര്യം മൗലികാവകാശമാണ്.

ക്ഷേത്രങ്ങളിലെ കുത്തിയോട്ടം,ശൂലം കുത്ത്, വില്ലിൽതൂക്കം, മലബാറിലെ തീ തെയ്യങ്ങൾ അടക്കം വിലക്കേണ്ടി വരുമെന്നതാണ് സർക്കാരിനെ കുഴയ്ക്കുന്നത്. കെ.ടി.തോമസും കെ.ഡി.പ്രസേനനും അന്ധവിശ്വാസം തടയാനുള്ള സ്വകാര്യബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.

മരണമുണ്ടായാൽ വധശിക്ഷ കിട്ടാം

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിച്ചാലോ നടത്തിയാലോ 7വർഷംവരെ തടവുശിക്ഷ. മരണമുണ്ടായാൽ വധശിക്ഷയും കരടിൽ പറയുന്നു. ഇവ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാലും 7വർഷം വരെ തടവും അരലക്ഷം പിഴയും. മന്ത്രവാദം, അക്രമ മാർഗങ്ങളിലൂടെയുള്ള പ്രേതോ‍ച്ചാടനം, മൃഗബലി‍ തുടങ്ങിയവ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ.

6 സംസ്ഥാനങ്ങളിൽ നിയമമായി

 ശാസ്ത്ര പിൻബലമില്ലാത്തതൊക്കെ അന്ധവിശ്വാസമെന്നാണ് കർണാടക നിയമത്തിലെ നിർവചനം

പിശാച്ബാധ മാറ്റൽ, മാന്ത്രികക്കല്ല്,തകിട് വില്പന, ദിവ്യചികിത്സ എന്നിവയ്ക്ക് 7വർഷം തടവാണ് മഹാരാഷ്ട്രയിലെ നിയമം

 ബീഹാറിലും, ഝാർഖണ്ഡിലും ഛത്തീസ്ഗഡിലും മന്ത്രവാദം,​ കൂടോത്രം തടയുന്നതിന് നിയമമുണ്ട്

 പ്രേതബാധയുടെ പേരിൽ സ്ത്രീകളെ ഉപദ്രവിക്കുന്നത് തടയുന്നതാണ് രാജസ്ഥാനിലെ നിയമം

Advertisement
Advertisement