അത്തിക്കയം കൊച്ചുപാലത്തിന്റെ സംരക്ഷണഭിത്തി തോട്ടിൽ പതിച്ചു
റാന്നി : റിബിൽഡ് കേരളയിൽ നവീകരണം നടക്കുന്ന അത്തിക്കയം - കടുമീൻചിറ റോഡിലെ കൊച്ചുപാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു തോട്ടിൽ പതിച്ചു. കാലപ്പഴക്കത്തിൽ പാലത്തിന്റെ സ്ളാബിന്റെ അടിത്തട്ടിലെ സിമന്റ് പാളികളും ഇളകിവീഴുകയാണ്. 1.8 കിലോമീറ്റർ നീളമുള്ള കോൺക്രീറ്റ് റോഡിലെ പാലവും 100 മീറ്റർ സമീപനപാതയുമാണ് ഇനിയും പൂർത്തിയാകാനുള്ളത്. റോഡ് നവീകരണത്തിനൊപ്പം പാലം പൊളിച്ചുപണിയാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും കരാറുകാരന്റെ അലംഭാവംമൂലം നിർമ്മാണം മുടങ്ങുകയായിരുന്നു. കടുമീൻചിറ കിഴക്കേഭാഗം, തോണിക്കടവ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ സംരക്ഷണഭിത്തിക്കുണ്ടായ തകർച്ച ഗതാഗതപ്രശ്നങ്ങൾക്കും കാരണമാകും. പമ്പാനദിയോട് ചേർന്നുള്ള പാതയും പാലവും പ്രളയത്തിൽ പൂർണമായും മുങ്ങിയിരുന്നു. ചെമ്പന്മുടി മലയിൽ നിന്നുള്ള മലവെള്ളത്തിന്റെ ശക്തമായ ഒഴുക്കാണ് പാലത്തിന്റെ സംരക്ഷണഭിത്തി തകരാൻ കാരണം. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും നവീകരണം പൂർത്തിയാക്കാൻ റീ ബിൽഡ് കേരളയ്ക്ക് സാധിച്ചില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും നിർമ്മാണം മുടങ്ങാൻ കാരണമായി.
ഗതാഗതം നിരോധിച്ചു
സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി നാറാണമൂഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അത്തിക്കയം ടൗണിൽ നിന്ന് നാറാണംമൂഴി സഹകരണ ബാങ്ക്, സ്വകാര്യ ആശുപത്രി, സ്കൂളുകൾ ,കടുമീൻചിറ ശിവക്ഷേത്രം. എസ്.എൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്കുള്ള യാത്ര പ്രതിസന്ധിയിലായി.
അത്തിക്കയം - കടുമീൻചിറ റോഡ്
നീളം : 1.8 കിലോ മീറ്റർ. വീതി : 8 മീറ്റർ,
പൂർത്തിയാകാനുള്ളത് : പാലവും 100 മീറ്റർ റോഡും
പദ്ധതിച്ചെലവ് : 3.5 കോടി
അപകടാവസ്ഥയിലായത് 45 വർഷം പഴക്കമുള്ള പാലം
പാലത്തിന്റെ സംരക്ഷണ ഭിത്തി അടിയന്തരമായി ബലപ്പെടുത്തുകയോ പാലം പുതുക്കി പണിയാനുള്ള നടപടികളോ സ്വീകരിക്കണം.
പ്രദേശവാസികൾ