ഐ.പി.എസ് തലത്തിൽ അഴിച്ചുപണി . സ്പർജ്ജൻ കുമാർ തിരു. സിറ്റി കമ്മിഷണർ, ദക്ഷിണ മേഖല ഐ.ജിയായി തുടരും

Thursday 04 July 2024 4:23 AM IST

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സി.എച്ച്. നാഗരാജുവിനെയടക്കം സ്ഥലംമാറ്റി ഐ.പി.എസ് തലത്തിൽ അഴിച്ചുപണി. ദക്ഷിണമേഖല ഐ.ജി ജി.സ്പർജ്ജൻ കുമാറാണ് പുതിയ സിറ്റി പൊലീസ് കമ്മിഷണർ. ദക്ഷിണമേഖല ഐ.ജിയുടെ പൂർണ അധികച്ചുമതല തുടർന്നും വഹിക്കും.

നാഗരാജുവിനെ പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ഈ തസ്തിക ഐ.ജിയുടേതിന് തുല്യമാക്കി. അവിടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായിരുന്ന സഞ്ജീബ് കുമാർ പട്ജോഷിയെ മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലാക്കി. മനുഷ്യാവകാശ കമ്മിഷനിലായിരുന്ന ഐ.ജി പി.പ്രകാശിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജിയാക്കി.

പഠനാവധിക്കുശേഷം തിരിച്ചെത്തിയ സതീഷ് ബിനോയാണ് അഡ്‌മിനിസ്ട്രേഷൻ ഡി.ഐ.ജി. തൃശൂർ പൂരത്തിലെ പൊലീസ് നടപടിയെത്തുടർന്ന് കമ്മിഷണർ സ്ഥാനത്തുനിന്നു തെറിച്ച അങ്കിത് അശോകനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ടെക്നിക്കൽ ഇന്റലിജൻസ് സൂപ്രണ്ടാക്കി. ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ സൂപ്രണ്ടായ സി.ബാസ്റ്റിൻ സാബുവാണ് വിമൻ ആൻഡ് ചിൽഡ്രൻ സെൽ എ.ഐ. ജി.

സർക്കാർ പരിപാടികൾ

അവഗണിച്ചത് വിനയായി

സർക്കാർ പരിപാടികൾ തുടർച്ചയായി അവഗണിച്ചതാണ് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സി.എച്ച്.നാഗരാജുവിന് വിനയായത്. സ്വന്തം അധികാര പരിധിയിൽ നടക്കുന്ന സുപ്രധാന സർക്കാർ പരിപാടികൾ ചില ഐ.പി.എസുകാർ അവഗണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവർത്തിക്കരുതെന്നും ഡി.ജി.പി കഴിഞ്ഞദിവസം നോട്ട് ഇറക്കിയിരുന്നു. ജൂൺ ഏഴിന് നടന്ന സർക്കാർ വകുപ്പുകളുടെ പ്രോഗ്രസ് കാർഡ് അവതരിപ്പിക്കുന്ന ചടങ്ങിലേക്ക് കമ്മിഷണർക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല.

23ന് മന്ത്രിയായി ഒ.ആർ.കേളു സത്യപ്രതിജ്ഞ ചെയ്തപ്പോഴും എത്തിയില്ല. പ്ലസ് ടു സീറ്റ് വിഷയത്തിൽ വിദ്യാഭ്യാസമന്ത്രിയെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ തടഞ്ഞപ്പോഴും കമ്മിഷണർ സ്ഥലത്തുണ്ടായിരുന്നില്ല. നാഗരാജുവിനെ നേരിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തതിന് പുറമെയാണ് ഡി.ജി.പി എല്ലാ ഐ.പി.എസുകാർക്കും അഡ്വൈസറി നോട്ട് അയച്ചത്.

Advertisement
Advertisement