ലാഭത്തിൽ പ്രവർത്തിച്ചത് 37 വർഷം: രണ്ട് വർഷം, കാംകോയ്ക്ക് നഷ്ടം 48 കോടി രൂപ

Thursday 04 July 2024 1:36 AM IST

നെടുമ്പാശേരി: തുടർച്ചയായി 37 വർഷം ലാഭത്തിലായിരുന്ന പൊതുമേഖല സ്ഥാപനം എങ്ങനെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കാമെന്നതിന്റെ നേർസാക്ഷ്യമാണ് അത്താണി കേരളാ അഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ). വർഷങ്ങളായി ലാഭവിഹിതം സർക്കാരിന് നൽകിയിരുന്ന കാംകോ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടാക്കിയത് 48 കോടി രൂപയുടെ നഷ്ടം! സ്ഥാപന മേധാവികളുടെയും സർക്കാരിന്റെയും അനാസ്ഥയാണ് കാംകോയെ നാശത്തിലേക്കെത്തിച്ചതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. കഴിഞ്ഞ വർഷമാണ് കാംകോ ആരംഭിച്ചിട്ട് അമ്പത് വർഷം പൂർത്തിയാക്കിയത്.

കൃഷി വകുപ്പിന് കീഴിൽ കാർഷിക യന്ത്രങ്ങൾ നിർമ്മിക്കുന്ന പൊതുമേഖല സ്ഥാപനമായ കാംകോ 1984 മുതൽ 2022 വരെ ലാഭത്തിലായിരുന്നു. എല്ലാ വർഷവും സംസ്ഥാന സർക്കാരിന് സ്ഥാപനം ലാഭവിഹിതവും നൽകി. കോടികളുടെ നഷ്ടത്തിന് പുറമെ രണ്ട് മാസമായി നിർമ്മാണവുമില്ല.

നഷ്ടത്തിന് കാരണങ്ങൾ പലത്

1. കൊവിഡിന് ശേഷം ഇതരസംസ്ഥാനങ്ങളിൽ കാർഷിക സബ്സിഡി വെട്ടിക്കുറച്ചതിനാൽ വില്പന കുറഞ്ഞുവെന്ന് അധികൃതർ

2. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും സ്ഥിരം എം.ഡി ഇല്ലാത്തതും പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ

3. കമ്പനിയിൽ നിന്നും വിരമിച്ച ചില ഉദ്യോഗസ്ഥർ കോയമ്പത്തൂർ കേന്ദ്രീകരിച്ച് ആരംഭിച്ച സ്വകാര്യ സ്ഥാപനമാണ് കാംകോയുടെ കാലനായതെന്നും സൂചന

പിരിഞ്ഞുകിട്ടാനുള്ളത് ഒമ്പത് കോടി

കാംകോയുടെ ഉത്പന്നങ്ങൾ വിറ്റ ഇനത്തിൽ സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നുമാത്രം പിരിഞ്ഞുകിട്ടാനുള്ളത് ഒമ്പത് കോടിയോളം രൂപയാണ്. സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെയ്റ്റ്ക്കോയിൽ നിന്ന് അഞ്ച് കോടി, റെയ്ഡ്കോ മൂന്ന് കോടി, കോക്കനട്ട് ഡെവ. കോർപ്പറേഷൻ, വാഴക്കുളം അഗ്രോ പ്രൊഡക്ട് എന്നിവയിൽ നിന്നും പണം ലഭിക്കാനുണ്ട്.

എട്ട് വർഷമായി ശമ്പള വർദ്ധനവുമില്ല

അത്താണിക്ക് പുറമെ കളമശേരി, പാലക്കാട്, മാള, കണ്ണൂർ യൂണിറ്റുകളിലായി 400 ഓളം സ്ഥിരം തൊഴിലാളികൾ ഉൾപ്പെടെ 600 ഓളം പേർ ജോലി ചെയ്യുന്നുണ്ട്. എട്ടുവർഷമായി തൊഴിലാളികൾക്ക് ശമ്പള വർദ്ധനയുണ്ടായിട്ടില്ല. 2020ൽ തൊഴിലാളികളുമായുണ്ടാക്കിയ നാലുവർഷത്തെ കരാർ പുതുക്കുന്നതിന് ഗൈഡ് ലൈസൻസ് ഇതുവരെ നൽകിയിട്ടില്ല. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന തൊഴിലാളികൾക്ക് മാനേജ്മെന്റ് നോട്ടീസ് നൽകുകയാണ്.

30 കോടി അനുവദിക്കണം

കാംകോയെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. 30 കോടി രൂപയുടെ സഹായം അനുവദിക്കണം. ഇല്ലെങ്കിൽ കെ.എസ്.ആർ.ടി.സിയുടെ അവസ്ഥയിലാകും.

അൻവർ സാദത്ത്

എം.എൽ.എ

സ്ഥിതി മെച്ചപ്പെടുത്തും

കൊവിഡ് കാലത്ത് ഉത്പാദനം നടത്താനാകാത്തതും ഉത്പന്നങ്ങൾ മറ്റു സംസ്ഥനങ്ങളിലേക്കയക്കാൻ സാധിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. കാംകോയെ ലാഭത്തിലേക്ക് കൊണ്ടുവരും.

പി. പ്രസാദ്

മന്ത്രി

Advertisement
Advertisement