കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി കെ.ടി.എം
കൊച്ചി: കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുമായി കേരള ട്രാവൽ മാർട്ട് സൊസൈറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. താമസസൗകര്യമുള്ള ഹോട്ടലുകളിലെ റെസ്റ്റോറന്റ് ബില്ലിലെ ജി.എസ്.ടി അപാകത പരിഹരിക്കണമെന്നതുൾപ്പെടെ മൂന്ന് നിവേദനങ്ങൾ മന്ത്രിക്ക് സമർപ്പിച്ചു. പ്രസിഡന്റ് ജോസ് പ്രദീപിന്റെ നേതൃത്വത്തിലാണ് കെ.ടി.എം ഭാരവാഹികളും മറ്റ് ടൂറിസം സംഘടനാ പ്രതിനിധികളും സുരേഷ് ഗോപിയെ സന്ദർശിച്ചത്. നിർദ്ദേശങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വിനോദസഞ്ചാര മേഖലയിലെ സംഘടനകളെ ഉൾപ്പെടുത്തി വിപുലമായ യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. സെപ്തംബറിൽ നടക്കുന്ന ട്രാവൽ മാർട്ടിൽ പങ്കെടുക്കാൻ മന്ത്രിയെ ക്ഷണിച്ചു.
കെ.ടി.എം വൈസ് പ്രസിഡന്റ് സി. ഹരികുമാർ, ട്രഷറർ ജിബ്രാൻ ആസിഫ്, ജോയിന്റ് സെക്രട്ടറി ജോബിൻ ജോസഫ്, ആയുർവേദ പ്രൊമോഷൻ സൊസൈറ്റി പ്രസിഡന്റ് സജീവ് കുറുപ്പ്, അസോസിയേഷൻ ഒഫ് അപ്രൂവ്ഡ് ആൻഡ് ക്ലാസിഫൈഡ് ഹോട്ടൽസ് കേരള പ്രസിഡന്റ് കെ.ജെ ജോസഫ്, ദിനേശ് റായ്, മല്ലിക ദിനേശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.