അഗതിയായി അങ്കണവാടി, ഇടംനൽകി മഹാത്മാ ജനസേവനകേന്ദ്രം

Wednesday 03 July 2024 10:56 PM IST
ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെയും സംരക്ഷണത്തിലും പ്രവർത്തിക്കുന്ന അംഗൻവാടിക്കും മഹാത്മാ ജനസേവനകേന്ദ്രം അഭയമായപ്പോൾ

കൊടുമൺ: മക്കളുപേക്ഷിക്കുന്ന അച്ഛനമ്മമാർക്കും വഴിയോരത്തും റെയിൽവേസ്റ്റേഷനുകളിലും ഉപേക്ഷിക്കപ്പെടുന്നവർ ഉൾപ്പടെയുള്ള അഗതികൾക്കും മാത്രമല്ല അങ്കണവാടിക്കും മഹാത്മാ ജനസേവനകേന്ദ്രം അഭയമായി. 2006ൽ കൊടുമൺ പഞ്ചായത്തിന്റെ 9ാം വാർഡിൽ ഇരുപതിലധികം പിഞ്ചുകുഞ്ഞുങ്ങളുമായി പ്രവർത്തനം ആരംഭിച്ചതാണ് കുളത്തിനാൽ 103ാം നമ്പർ അങ്കണവാടി. സ്വന്തം കെട്ടിടമില്ലാത്തതിനാൽ വീടുകളുടെയും കടകളുടെയും ഷെ‌ഡിലും റബർ പുരയിലും മറ്റും മാറി മാറി 2024 വരെ പ്രവർത്തിച്ചു. പഞ്ചായത്തിനാണ് അങ്കണവാടിയുടെ ചുമതല. ഇടിഞ്ഞു പൊളിഞ്ഞ ഒരു വീട്ടിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കാറ്റിലും മഴയിലും ഏതു സമയത്തും പൊളിഞ്ഞുവീണ് അപകടം ഉണ്ടാകാനിടയുണ്ട്. നേരത്തെ മഹാത്മാ ജനസേവനകേന്ദ്രം നാലു സെന്റ് സ്ഥലം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും വഴിയുടെ പ്രശ്നം ഉണ്ടായി. ഒടുവിൽ പ്രധാന റോഡരികിൽ റിട്ട. അദ്ധ്യാപകനും ഗ്രന്ഥകർത്താവുമായ പൊരിയക്കോട് പി.സി.കോശി നാലു സെന്റ് സ്ഥലം ഒരു വർഷം മുമ്പ് സംഭാവന നൽകി . പക്ഷേ കെട്ടിടം പണിയാനായില്ല . തുടർന്ന് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ പി.സി.കോശിയും സലാജി കുമാറും മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയെ സമീപിച്ചതോടെ മഹാത്മാ കുളത്തിനാൽ ജീവകാരുണ്യ ഗ്രാമത്തിന്റെ പ്രധാന ഓഫീസ് തന്നെ അങ്കണവാടിക്ക് ഒഴിഞ്ഞുകൊടുത്തു. പുതിയ സ്ഥലത്തുള്ള പ്രവർത്തനത്തിന് മുൻ മെമ്പർ അങ്ങാടിക്കൽ പ്രേമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.സി.കോശി തിരിതെളിച്ചു. മഹാത്മാ ജനസേവനകേന്ദ്രം വൈസ് ചെയർമാനും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ സി.വി.ചന്ദ്രൻ, സലാജി കുമാർ, മഹാത്മാ ട്രഷറർ മഞ്ജുഷ വിനോദ്, അസിസ്റ്റന്റ് മാനേജർ സണ്ണി കെ.കെ എന്നിവർ പ്രസംഗിച്ചു. . അങ്കണവാടി ടീച്ചർ ഷിബി സ്വാഗതവും ഉഷ ബാലൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement