പകൽ ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ

Thursday 04 July 2024 4:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന പകൽ ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്തും. വർദ്ധിച്ച തിരക്കും ട്രെയിൻ യാത്രാദുരിതവും പരിഹരിക്കാനാണിത്. ഇന്നലെ റെയിൽവേ മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. വന്ദേഭാരത് കടന്നുപോകുന്നതിന് മറ്റ് ട്രെയിനുകൾ വഴിയിൽ പിടിച്ചിടുന്നുവെന്ന ആക്ഷേപം ഗൗരവത്തിൽ പരിഗണിക്കുമെന്ന് റെയിൽവേ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഷൊർണൂർ-കണ്ണൂർ പാസഞ്ചർ കാസർഗോഡ് വരെ നീട്ടും. അവധിക്കാലതിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിൻ ആവശ്യം സർക്കാർ നൽകിയാൽ റെയിൽവേ അക്കാര്യം ആലോചിക്കും. രാജധാനിക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പ് നൽകാൻ അപേക്ഷ റെയിൽവേ ബോർഡിന് സമർപ്പിക്കും തുടങ്ങിയവയാണ് യോഗത്തിലെ മറ്റ് തീരുമാനങ്ങൾ.

ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് തപ്ല്യാൽ,ഗതാഗതസെക്രട്ടറി ബിജു പ്രഭാകർ,കെ.ആർ.ഡി.സി.എൽ.ഡയറക്ടർ അജിത് കുമാർ വി,പാലക്കാട് എ.ഡി.ആർ.എം.കെ.അനിൽകുമാർ,പാലക്കാട് ഡിഒഎം ഗോപു ആർ.ഉണ്ണിത്താൻ,തിരുവനന്തപുരം സീനിയർ ഡി.ഒ.എം എ.വിജയൻ,തിരുവനന്തപുരം സീനിയർ ഡി.സി.എം വൈ.സെൽവിൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement