ജ്യോതിക്കും അബ്ദുള്ളയ്ക്കും പാരീസ് ബെർത്ത്

Wednesday 03 July 2024 11:15 PM IST

പാരീസ് : ഇന്ത്യൻ വനിതാ അത്‌ലറ്റ് ജ്യോതി യരാജിക്കും മലയാളി താരം അബ്ദുള്ള അബൂബക്കറിനും പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ വേൾഡ് റാങ്കിംഗ് ക്വാട്ട വഴി അവസരം നൽകി ലോക അത്‌ലറ്റിക് ഫെഡറേഷൻ. 110 മീറ്റർ ഹർഡിൽസ് താരമായ ജ്യോതിക്ക് മേയ് മാസത്തിൽ ഫിൻലാൻഡിൽ നടന്ന മീറ്റിൽ സെക്കൻഡിന്റെ നൂറിലൊന്ന് അംശത്തിന്റെ വ്യത്യാസത്തിൽ സ്വാഭാവിക ഒളിമ്പിക് യോഗ്യത നഷ്‌ടമായിരുന്നു. 12.77 സെക്കൻഡായിരുന്നു ഒളിമ്പിക് യോഗ്യതാ മാർക്ക്. ജ്യോതി 12.78 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. മലയാളിയായ ട്രിപ്പിൾ ജമ്പ് താരം അബ്ദുള്ള അബൂബക്കർ, ഷോട്ട്പുട്ട് താരം ആഭ കത്വ,ജാവലിൻ താരം അന്നുറാണി തുടങ്ങിയവർക്കാണ് റാങ്കിംഗ് ക്വാട്ട വഴി അവസരം ഒരുങ്ങിയിരിക്കുന്നത്.

ലോക അത്‌ലറ്റിക് ഫെഡറേഷൻ വാഗ്ദാനം ചെയ്യുന്ന റാങ്കിംഗ് ബർത്ത് സ്വീകരിക്കണോ എന്നകാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നത് അതത് ദേശീയ ഒളിമ്പിക് അസോസിയേഷനാണ്. ഓരോ ഇനത്തിലും ഒളിമ്പിക് യോഗ്യതാ മാർക്ക് കടന്ന അത്‌ലറ്റുകൾ ഇല്ലെങ്കിൽ നിശ്ചിത റാങ്കിനുള്ളിലുള്ള അത്‌ലറ്റുകളെ മത്സരിപ്പിക്കാനാണ് ലോക ഫെഡറേഷൻ റാങ്കിംഗ് ക്വാട്ട നൽകുന്നത്. ഇന്ന് അർദ്ധരാത്രിക്കകം റാങ്കിംഗ് ബർത്തുകൾ അനുവദിച്ചു നൽകിയ താരങ്ങളെ മത്സരിപ്പിക്കുന്നുണ്ടോ എന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിക്കണം.

പാരീസിലേക്കുള്ള ഇന്ത്യൻ അത്‌ലറ്റുകൾ

നേരിട്ട് യോഗ്യത നേടിയവർ : കിരൺ പഹൽ (400 മീ. വനിതകൾ),പരുൾ ചൗധരി (3000 മീ. സ്റ്റീപ്പിൾ ചേസ്), പ്രിയങ്ക ഗോസ്വാമി (20 കി.മീ റേസ് വാക്ക് ), 4X400 മീറ്റർ പുരുഷ,വനിതാ ടീമുകൾ, അവിനാഷ് സാബ്‌ലെ (3000 മീ. സ്റ്റീപ്പിൾ ചേസ്),നീരജ് ചോപ്ര,കിഷോർ ജെന (ജാവലിൻ ത്രോ),ആകാഷ് ദീപ് സിംഗ്, റാം ബാബു, വികാസ് സിംഗ്,പരംജീത് (20 കി.മീ റേസ് വാക്ക് )

റാങ്കിംഗ് ക്വാട്ട ലഭിച്ചവർ : ജ്യോതി യരാജി (110 മീ.ഹർഡിൽസ്), ആഭ കത്വ( ഷോട്ട്പുട്ട്), അബ്ദുള്ള അബൂബേക്കർ, പ്രവീൺ ചിത്രവേൽ( ട്രിപ്പിൾ ജമ്പ്), അന്നുറാണി ( ജാവലിൻ ത്രോ),സർവേഷ് കുശാരെ (ഹൈജമ്പ്), തജീന്ദർപാൽ സിംഗ് ടൂർ(ഷോട്ട്പുട്ട്),

Advertisement
Advertisement