ഇനി ക്വാർട്ടറിലെ കളികൾ

Wednesday 03 July 2024 11:18 PM IST

യൂറോ കപ്പും കോപ്പ അമേരിക്കയും ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക്

ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് കൈപിടിച്ചുനടത്താൻ യൂറോ കപ്പും കോപ്പ അമേരിക്കയും ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിലേക്കു നീങ്ങുന്നു. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് ആതിഥേയരായ ജർമ്മനിയും സ്പെയ്‌നും തമ്മിലുള്ള പോരാട്ടത്തോടെയാണ് യൂറോ കപ്പിൽ അവസാന എട്ടിലെ കളികൾ തുടങ്ങുന്നത്. അന്ന് രാത്രിതന്നെ പോർച്ചുഗലും നിലവിലെ ലോകകപ്പ് റണ്ണേഴ്സ് അപ്പായ ഫ്രാൻസും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ. മറ്റ് ക്വാർട്ടറുകളിൽ ഇംഗ്ളണ്ട് സ്വിറ്റ്‌സർലാൻഡിനെയും ഹോളണ്ട് തുർക്കിയേയും നേരിടും.

കോപ്പയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും ഇക്വഡോറും തമ്മിൽ ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെയാണ് ആദ്യ ക്വാർട്ടർ ഫൈനൽ. മറ്റ് ക്വാർട്ടറുകളിൽ വെനിസ്വേല കാനഡയേയും കൊളംബിയ പനാമയേയും ബ്രസീൽ ഉറുഗ്വേയേയും നേരിടും. അടുത്ത ബുധൻ,വ്യാഴം ദിവസങ്ങളിലായാണ് കോപ്പയിലേയും യൂറോ കപ്പിലേയും സെമിഫൈനലുകൾ. ഇന്ത്യൻ സമയം ജൂലായ് 14ന് രാവിലെ 6.30ന് കോപ്പയിൽ ലൂസേഴ്സ് ഫൈനലും ജൂലായ് 15ന് രാവിലെ 5.30ന് ഫൈനലും നടക്കും. യൂറോയിൽ ലൂസേഴ്സ് ഫൈനലില്ല. ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് ഫൈനൽ.

സ്പെയ്നോ

ജർമ്മനിയോ ?

യൂറോ കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽതന്നെ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ വിധിയെഴുതും. ഗ്രൂപ്പ് റൗണ്ടിൽ മൂന്ന് കളികളും ജയിച്ചുവന്ന സ്പെയ്നും രണ്ട് കളി ജയിക്കുകയും ഒന്ന് സമനിലയിലാക്കുകയും ചെയ്ത ജർമ്മനിയുമാണ് ആദ്യ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റ് എന്ന മേൽക്കൈയുള്ള ജർമ്മനി ഗ്രൂപ്പ് റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ (8) നേടിയ ടീമാണ്. രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. പ്രീ ക്വാർട്ടറിൽ

ഡെന്മാർക്കിനെ 2-0ത്തിന് തോൽപ്പിച്ചാണ് അവർ അവസാന എട്ടിലേക്ക് കയറിയത്. ഗ്രൂപ്പ് ബിയിൽ ഒരു ഗോളും വഴങ്ങാതെ അഞ്ചെണ്ണമടിച്ച സ്പെയ്ൻ പ്രീ ക്വാർട്ടറിൽ ജോർജിയയെ കീഴടക്കിയത് 4-1നാണ്.

ക്രിസ്റ്റ്യാനോയെ

കാത്ത് എംബാപ്പെ

സ്ളൊവേനിയയെ ഷൂട്ടൗട്ടിൽ വീഴ്ത്തി എത്തുന്ന ക്രിസ്റ്റ്യാനോയെക്കാത്ത് ക്വാർട്ടർ ഫൈനലിൽ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയുണ്ട്. പ്രീ ക്വാർട്ടറിൽ ബെൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നാണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയിരിക്കുന്നത്.

ഈ യൂറോകപ്പിൽ ക്രിസ്റ്റ്യാനോയെപ്പോലെ എംബാപ്പയ്ക്കും നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഓസ്ട്രിയയ്ക്ക് എതിരായ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മൂക്കിന് പരിക്കറ്റ എംബാപ്പെയ്ക്ക് ഹോളണ്ടിന് എതിരായ രണ്ടാം മത്സരത്തിൽ കളിച്ചില്ല. തുടർന്ന് പോളണ്ടിനെതിരെ കറുത്ത മാസ്ക് ധരിച്ച് കളത്തിലിറങ്ങി പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടി. പ്രീ ക്വാർട്ടറിൽ സ്കോർ ചെയ്യാനായില്ല.

ഫ്രാൻസിന്റെ ഈ യൂറോയിലെ പ്രകടനവും അത്ര കേമമല്ല. നേടിയ രണ്ട് വിജയങ്ങളും സെൽഫ് ഗോളിലൂടെയാണ്. ഒരുകളിയിൽ സമനിലയിലായത് ഗോളടിക്കാതെയും ഒരുകളിയിൽ പെനാൽറ്റിയിലൂടെയും. പോർച്ചുഗൽ ചെക് റിപ്പബ്ളിക്കിനെ 2-1നും തുർക്കിയെ 3-0ത്തിനും തോൽപ്പിച്ചാണ് തുടങ്ങിയതെങ്കിലും ജോർജിയയോട് മറുപ‌ടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റത് ക്ഷീണമായി. പ്രീ ക്വാർട്ടറിൽ സ്ളൊവേനിയയെപ്പോലൊരു കന്നിക്കാരോട് ജയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നു. 39 വയസുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത് തന്റെ അവസാന യൂറോ കപ്പാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡോർ തുറക്കാൻ

അർജന്റീന

കോപ്പയിലെ എ ഗ്രൂപ്പിൽ മൂന്ന് കളികളും ജയിച്ച് ക്വാർട്ടറിലേക്ക് എത്തിയ അർജന്റീനയ്ക്ക് വലിയ വെല്ലുവിളിയല്ല ഇക്വഡോർ. എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിനിടെ പരിക്കേറ്റ മെസി ക്വാർട്ടറിൽ കളിക്കാനിറങ്ങുമോ എന്നതാണ് ആശങ്ക. മികച്ച ഫോമിലുള്ള ലൗതാരോ മാർട്ടിനെസാണ് അർജന്റീനയുടെ ഇപ്പോഴത്തെ മിന്നും സ്റ്റാർ. കോപ്പയിലെ ഏറ്റവും ആവേശകരമായ ക്വാർട്ടർ മുൻ ചാമ്പ്യന്മാരായ ബ്രസീലും ഉറുഗ്വേയും തമ്മിലായിരിക്കും. ഗ്രൂപ്പ് റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളിലും മഞ്ഞക്കാർഡ് കണ്ട വിനീഷ്യസ് ജൂനിയറിന് ക്വാർട്ടറിൽ കളിക്കാൻ കഴിയില്ലെന്നതാണ് ബ്രസീലിനെ അലട്ടുന്നത്.

Advertisement
Advertisement