ചാമ്പ്യന്മാർ യാത്ര തിരിച്ചു, ഇന്ന് വിക്ടറി പരേഡ്

Wednesday 03 July 2024 11:20 PM IST

ബാർബഡോസ് /മുംബയ് : ട്വന്റി-20 ലോകകപ്പുമായി വെസ്റ്റ് ഇൻഡീസിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മടക്കയാത്ര ആരംഭിച്ചു. ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസ് ദ്വീപിൽ മൂന്ന് ദിവസം കുടുങ്ങിപ്പോയ രോഹിത് ശർമ്മയും സംഘവും ബി.സി.സി.ഐ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനത്തിലാണ് ഇന്നലെ കരീബിയൻ പ്രാദേശിക സമയം രാവിലെ 4.50ന് മടക്കയാത്ര തുടങ്ങിയത്. ഇന്ന് പുലർച്ചെ 6.20ന് ഡൽഹിയിലെത്തും. 11 മണിയോടെ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കും. തുടർന്ന് വിജയാഘോഷങ്ങൾക്കായി ടീം ഒന്നാകെ മുംബയ്‌യിലേക്ക് പോകും. വൈകിട്ട് അഞ്ചുമണിക്ക് മുംബയ് മറൈൻ ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലുമായി വിക്ടറി പരേഡ് നടത്തും. പരേഡിൽ പങ്കെടുക്കാൻ ഇന്ത്യൻ ആരാധകരെ രോഹിത് ശർമ്മ സോഷ്യൽ മീഡിയയിലൂടെ ക്ഷണിച്ചിട്ടുണ്ട്.

ലോകകപ്പുമായി വിമാനത്തിൽ കയറിയ ഫോട്ടോ ക്യാപ്ടൻ രോഹിത് ശർമ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. AIC24WC ( എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ് ) എന്നാണ് സ്പെഷ്യൽ ചാർട്ടേഡ് വിമാനത്തിന് എയർ ഇന്ത്യ നൽകിയിരിക്കുന്ന സർവീസ് കോഡ്. ബെറിൽ ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസിൽ മൂന്നുദിവസമായി വിമാന സർവീസിന് വിലക്കുണ്ടായിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി,സെക്രട്ടറി ജയ് ഷാ, മറ്റ് ബി.സി.സി.ഐ ഭാരവാഹികൾ എന്നിവരും ടീമിനൊപ്പം കൂട്ടിയിട്ടുണ്ട്.ബാർബഡോസിൽ കുടുങ്ങിപ്പോയ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരും വിമാനത്തിലുണ്ട്.

Advertisement
Advertisement