ബ്രസീലിനെ തളച്ച് കൊളംബിയ

Wednesday 03 July 2024 11:23 PM IST

ബ്രസീൽ - കൊളംബിയ മത്സരം 1-1ന് സമനിലയിൽ

ഇരു ടീമുകളും ക്വാർട്ടർ ഫൈനലിലേക്ക്

പരാഗ്വേയെ തോൽപ്പിച്ചിട്ടും കോസ്റ്റാറിക്ക പുറത്ത്

ന്യൂയോർക്ക് : കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ കരുത്തരായ ബ്രസീലും കൊളംബിയയും തമ്മിലുള്ള പോരാട്ടം 1-1ന് സമനിലയിൽ അവസാനിച്ചതോടെ ഇരു ടീമുകളും ക്വാർട്ടറിലേക്ക് മുന്നേറി. മൂന്നുകളികളിൽ നിന്ന് രണ്ട് വിജയം ഉൾപ്പടെ ഏഴുപോയിന്റ് നേടിയ ഏഴുപോയിന്റ് നേടിയ കൊളംബിയ ഡി ഗ്രൂപ്പിലെ ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് എത്തിയപ്പോൾ രണ്ടാം സമനില വഴങ്ങിയ ബ്രസീലിന് അഞ്ചുപോയിന്റുമായി രണ്ടാം സ്ഥാനക്കാരാകാനേ കഴിഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ഉറുഗ്വേയെ നേരിടേണ്ട സ്ഥിതിയാണ് ബ്രസീലിന്.

ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബ്രസീൽ രണ്ടാം മത്സരത്തിൽ പരാഗ്വേയെ 4-1ന് തോൽപ്പിച്ചിരുന്നു. കൊളബിയയ്ക്ക് എതിരെ 12-ാം മിനിട്ടിൽ ഒരു ഫ്രീ കിക്കിൽ നിന്ന് റഫീഞ്ഞയിലൂടെ മുന്നിലെത്തിയിരുന്ന ബ്രസീലിന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സമനില വഴങ്ങേണ്ടിവന്നു.ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഡാനിയേൽ മുനോസാണ് സമനില ഗോൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിട്ടിൽ ജെയിംസ് റോഡ്രിഗസിനെ ഫൗൾ ചെയ്തതിന് ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് മഞ്ഞക്കാർഡ് കാണേണ്ടിവന്നു. ഇതോടെ വിനിക്ക് ക്വാർട്ടറിൽ കളിക്കാനാവില്ല. മത്സരത്തിൽ വിനീഷ്യസിനെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി കിക്ക് അനുവദിക്കാതിരുന്നതും അവസാനസമയത്ത് കോർണർ കിക്ക് അനുവദിക്കാതെ ഫൈനൽ വിസിൽ മുഴക്കിയതും ചർച്ചയായിട്ടുണ്ട്.

ഡി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പരാഗ്വേയെ 2-1ന് തോൽപ്പിച്ചിട്ടും കോസ്റ്റാറിക്ക ക്വാർട്ടർ കാണാതെ പുറത്തായി. ബ്രസീലിനെതിരെ സമനില നേടിയ കോസ്റ്റാറിക്ക രണ്ടാം മത്സരത്തിൽ കൊളംബിയയോട് തോറ്റതാണ് വിനയായത്. നാലുപോയിന്റുമായി കോസ്റ്റാറിക്ക മൂന്നാമതായി.ഒരു കളിയും ജയിക്കാതിരുന്ന പരാഗ്വേയും പുറത്തായി.

Advertisement
Advertisement