കില ഡയറക്ടറുടെ കാലാവധി നീട്ടിയത് ഹൈക്കോടതി റദ്ദാക്കി

Thursday 04 July 2024 12:39 AM IST

കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) ഡയറക്ടർ ജനറൽ ജോയി ഇളമണിന്റെ കാലാവധി നീട്ടിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. 60 വയസ് പിന്നിട്ടവർക്ക് ഡയറക്ടർ ജനറലായി തുടരാനാകില്ലെന്ന് ജസ്റ്റിസ് ബസന്ത് ബാലാജി വിലയിരുത്തി. കാലാവധി നീട്ടൽ നിയമവിരുദ്ധമാണെന്നാരോപിച്ച് കില ലെജിസ്ലേറ്റീവ്‌ കൗൺസിൽ അംഗവും മുൻ എം.പിയുമായ രമ്യ ഹരിദാസ് നൽകിയ ഹർജിയിലാണ് ഉത്തരവ്.

60-ാം ജന്മദിനമായ 2023 ജൂലായ് അഞ്ചു മുതൽ ജോയി ഇളമൺ നിയമപ്രകാരം ഡയറക്ടർ ജനറൽ അല്ലാതായെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. ഇതിനുശേഷം അദ്ദേഹം എടുത്ത ഭരണപരമായ തീരുമാനങ്ങൾ കോടതി റദ്ദാക്കിയില്ല. ശമ്പളവും ആനുകൂല്യങ്ങളും തിരികെ നൽകേണ്ടതില്ല. പുതിയ ഡയറക്ടർ ജനറലിനെ നിയമിക്കുന്നതുവരെ യോഗ്യതയുള്ള ഓഫീസർക്ക് താത്കാലിക ചുമതല നൽകാനും നിർദ്ദേശിച്ചു.


2017 മേയ് 19നാണ് ജോയിയെ ഡയറക്ടർ ജനറലായി നിയമിച്ചത്. 2020ൽ രണ്ടു വർഷത്തേക്കും 2022ൽ ഒരു വർഷത്തേക്കും കാലാവധി നീട്ടി നൽകി. കഴിഞ്ഞവർഷം മേയിൽ പുതിയ ഡയറക്ടർ ജനറലിനെ നിയമിക്കുന്നതുവരെ ജോയിയെ പദവിയിൽ തുടരാൻ അനുവദിച്ച് വീണ്ടും ഉത്തരവിറക്കി. രണ്ടു മാസത്തിനുശേഷം ഇദ്ദേഹത്തിന് 60 തികഞ്ഞത് ഉന്നയിച്ചാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
Advertisement