ഗവ., എയ്‌ഡഡ് സ്കൂളുകളിൽ ഇംഗ്ലീഷ് അദ്ധ്യാപക നിയമനം

Thursday 04 July 2024 1:43 AM IST

തിരുവനന്തപുരം: സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ 2024-2025 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിന് പീരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണ്ണയം നടത്തി ആവശ്യമായി വരുന്ന അധിക തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി.

സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടം വരുന്ന എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപകരെ ക്രമീകരിച്ച ശേഷം ബാക്കിയുള്ള തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. എയ്‌ഡഡ് സ്കൂളുകളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധി കതസ്തികകളിൽ അതേ മാനേജ്മെന്റ്റിൽ തസ്തിക നഷ്ടം വന്ന് പുറത്തുപോയവരെയും ചട്ടപ്രകാരമുള്ള അവകാശികളെയും കെ.ഇ.ആർ പ്രകാരം മറ്റ് സ്കൂളുകളിലെ സംരക്ഷിതാധ്യാപകരെയും പുനർ വിന്യസിക്കും.അതിന് ശേഷം മാത്രം ബാക്കിയുള്ളവയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകും.

വയനാട് ജില്ലയിൽ യു.പി.വിഭാഗം ഇല്ലാത്ത ജി.എച്ച്.എസ്. അതിരാറ്റുകുന്ന്, ജി.എച്ച്.എസ്. വാളവയൽ, ജി.എച്ച്.എസ്. പുളിഞ്ഞാൽ എന്നീ സ്കൂളുകളിൽ 2024-25 വർഷത്തിൽ അഞ്ചാം ക്ലാസും തുടർ വർഷങ്ങളിൽ ആറ്, ഏഴ് ക്ലാസുകളും ആരംഭിക്കുന്നതിന് അനുമതി നൽകി. സംരക്ഷിത അദ്ധ്യാപകർ /എസ്.എസ്.കെ. വോളന്‍റിയർമാർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി ബ്രിഡ്‌ജ്‌ കോഴ്‌സ്‌ എന്ന നിലയിലാണിത്.

ശിവഗിരി മഠം ഭൂമിക്ക്

രജിസ്ട്രേഷൻ ഫീസിളവ്

എറണാകുളം രായമംഗലം വില്ലേജിൽ പുല്ലുവഴിയിൽ പ്രവർത്തിക്കുന്ന ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റ് ദാനമായി നൽകുന്ന 99.34 ആർ പുരയിടവും അതിലെ ശാരദാ ദേവി ക്ഷേത്രം, വീട്, ഓഫീസ് കെട്ടിടം മുതലായവയും വർക്കല ശിവഗിരി മഠത്തിന്റെ പേരിൽ ദാനാധാരമായി രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് ഇനങ്ങളിൽ വരുന്ന തുക പൂർണ്ണമായി ഇളവ് ചെയ്ത് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സർക്കാർ ഭൂമി

പാട്ടത്തിന്

തൃശൂർ ചാലക്കുടി തെക്കുമുറി വില്ലേജിൽ കെഎസ്ഐടിഐഎല്ലിന്റെ കൈവശമുള്ള 30 ഏക്കർ ഭൂമിയിൽ നിന്ന് 12 ഏക്കർ ഭൂമി കാർക്കിനോസ് ഹെൽത്ത് കെയർ എന്ന സ്വകാര്യ സ്ഥാപനത്തിന് സെന്റർ ഫോർ ക്ലോംപ്ലക്സ് ക്യാന്‍സേഴ്സ് ആൻഡ് ഇന്നവേഷൻ ഹബ്ബ് തുടങ്ങുന്നതിന് പാട്ടത്തിന് നൽകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 300 കോടി രൂപയുടെ മൂലധന നിക്ഷേപവും നേരിട്ടുള്ള 300 തൊഴിലവസരങ്ങളും കാര്‍ക്കിനോസ് ലഭ്യമാക്കുമെന്നാണ് ഒരു നിബന്ധന. ആദ്യ അഞ്ച് വർഷത്തെ പാട്ടത്തുക ഒഴിവാക്കിയും പിന്നീട് 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള നിരക്കിലും വ്യവസ്ഥകളോടെ 30 വർഷത്തേക്കാണ് പാട്ടം.

കാക്കനാട് വില്ലേജിലെ 16.19 ആർ സ്ഥലം തൃക്കാക്കര മുൻസിപ്പൽ സഹകരണ ആശുപത്രിക്ക് നിലവിലുള്ള കമ്പോള വിലയുടെ 2 ശതമാനം വാർഷിക പാട്ട നിരക്കിൽ 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും.

സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷനിലെ 152 സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.

Advertisement
Advertisement