സർക്കാർ ഓഫീസിലെ റീൽസെടുക്കൽ ജീവനക്കാർക്കെതിരെ നടപടിയില്ല

Thursday 04 July 2024 12:45 AM IST

തിരുവനന്തപുരം: തിരുവല്ല നഗരസഭാ ഓഫീസിൽ റീൽ ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. സേവനസജ്ജരായി ഞായറാഴ്ച ജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തദ്ദേശവകുപ്പ് ജില്ലാ മേധാവിയും നഗരസഭാ സെക്രട്ടറിയും നൽകിയ വിവരമനുസരിച്ച് ഓഫീസ് പ്രവർത്തനത്തെ ബാധിക്കാതെ ഞായറാഴ്ചയാണ് റീലെടുത്തതെന്ന് വ്യക്തമായി. റീൽസെടുത്ത എട്ടു ജീവനക്കാർക്ക് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര ഇടപെടലിന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ജീവനക്കാരുടെ സർഗാത്മക - സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ട്. പക്ഷേ ഇതെല്ലാം കൃത്യനിർവഹണത്തെ ബാധിക്കാതെയും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും സർവീസ് ചട്ടം ലംഘിക്കാതെയുമായിരിക്കണെന്നും മന്ത്രി വ്യക്തമാക്കി.

 റീൽസ് വിശ്രമ വേളയിലെന്ന് ജീവനക്കാർ

തിരുവല്ല നഗരസഭയിൽ തങ്ങൾ റീൽസ് ചിത്രീകരിച്ചത് വിശ്രമ വേളയിലാണെന്ന് ജീവനക്കാർ പറഞ്ഞു. നഗരസഭ സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയിലാണ് വിശദീകരണം. ചലച്ചിത്ര ഗാനത്തിനൊപ്പം എട്ട് ജീവനക്കാരാണ് ചേർന്നൊരുക്കിയ റീൽസിന് ഒരു മിനിറ്റ് ദൈർഘ്യമുണ്ട്. ഇത് ജീവനക്കാരിൽ ഒരാൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെ വൈറലായി. ജീവനക്കാരെ അനുകൂലിച്ചും വിമർശിച്ചും അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് ഏഴ് ക്ളാർക്കുമാർക്കും ഒരു ഓഫീസ് അസിസ്റ്റന്റിനും സെക്രട്ടറി ദീപേഷ് നോട്ടീസ് നൽകിയത്. ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം ജോലിക്കെത്തിയ ഞായറാഴ്ച ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് റീൽ ചിത്രീകരിച്ചത്.

Advertisement
Advertisement