ഈ ഗള്‍ഫ് നഗരത്തിലെ സ്വര്‍ണത്തിന് നാട്ടില്‍ വന്‍ ഡിമാന്‍ഡ്, അതിനൊരു കാരണമുണ്ട്

Thursday 04 July 2024 12:05 AM IST

ദുബായ്: സുരക്ഷിതമായ നിക്ഷേപം, എപ്പോള്‍ വില്‍പ്പന നടത്താന്‍ നോക്കിയാലും വാങ്ങിയതിനേക്കാള്‍ വില കിട്ടുന്ന സാധനം. ഈ പറഞ്ഞ കാര്യങ്ങളാണ് സ്വര്‍ണത്തെ ഇത്രയും വിലകൂടിയിട്ടും പ്രിയപ്പെട്ടതാക്കുന്നത്. ഇന്ത്യയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇഷ്ടപ്പെടുന്നത് ഗള്‍ഫ് നഗരമായ ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാനാണ് അതിന് പ്രധാനമായ കാരണം വിലയിലെ വ്യത്യസം തന്നെയാണ്. അതോടൊപ്പം തന്നെ സ്വര്‍ണത്തിന്റെ ഗുണനിലവാരത്തിലും വ്യത്യാസമുണ്ടെന്ന് ആളുകള്‍ക്കിടയിലുള്ള വിശ്വാസവും കൂടിയാണ്.

ഇന്ത്യയില്‍ നിന്ന് ദുബായ് നഗരത്തിലേക്ക് പോകുന്നവര്‍ അവിടെ നിന്ന് സ്വര്‍ണം വാങ്ങാന്‍ ഇഷ്ടപ്പെടുന്നുവെന്നത് സത്യമായ കാര്യമാണ്. നമ്മുടെ പരിചയത്തിലുള്ള ഒരു പ്രവാസി നാട്ടിലേക്ക് വരുമ്പോഴോ അല്ലെങ്കില്‍ ഒരു പരിചയക്കാരന്‍ ദുബായ് നഗരത്തില്‍ പോകുമ്പോഴോ നമ്മള്‍ ആവശ്യപ്പെടുക നിയമപരമായി അനുവദിക്കുന്ന സ്വര്‍ണം അവിടെ നിന്ന് വാങ്ങിക്കൊണ്ട് വരണം എന്നായിരിക്കും. നാട്ടിലെ വിലയുമായി തട്ടിച്ച് നോക്കുമ്പോഴുള്ള വ്യ്ത്യാസം എത്രയാണെന്നതിനെ കൂടി ആശ്രയിച്ചാകും സ്വര്‍ണം വാങ്ങല്‍.

ഇന്നത്തെ നിരക്ക് (ജൂലായ് 3, ബുധനാഴ്ച) ഒരു ഉദാഹരണമായി പരിശോധിച്ചാല്‍ 24 കാരറ്റ് സ്വര്‍ണത്തിന് 282.75 ദര്‍ഹം ആണ് വില അതായത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 6426.90 രൂപ. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ ദുബായിലെ വില 261.75 ദര്‍ഹം (ഇന്ത്യന്‍ രൂപ 5949.57) ആണ്. ഇന്ത്യയിലേക്ക് വന്നാല്‍ ഇവിടുത്തെ വിപണിയില്‍ ഇന്നത്തെ വില പരിശോധിച്ചാല്‍ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 6635 രൂപയും 24 കാരറ്റിന് 7238 രൂപയുമാണ് വില്‍പ്പന നടന്നത്.

ഇന്ത്യയിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് വളരെ ലാഭകരമാണ്. സ്വര്‍ണം പത്ത് ഗ്രാം അളവില്‍ വാങ്ങുന്നവര്‍ക്ക് ഇത് വലിയ ലാഭമാണ് ദുബായില്‍ ലഭിക്കുക. ഒരു ഗ്രാമിന് 22 കാരറ്റ് ആയാലും 24 കാരറ്റ് ആയാലും വ്യത്യാസം പ്രകടമാണ്. 24 കതാരറ്റ് സ്വര്‍ണത്തില്‍ ഗ്രാമിന് 812 രൂപയാണ് ഇന്ത്യയില്‍ കൂടുതല്‍. 22 കാരറ്റില്‍ വ്യത്യാസം 686 രൂപയും. അതായത് ഇന്ത്യയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും കൂടി ചേരുമ്പോള്‍ തുക ഇനിയും ഉയരും.

എന്നാല്‍ ദുബായില്‍ നിന്ന് നിയമപരമായി നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നതിന് ഒരു പരിധിയുണ്ട്. എന്നാല്‍ സ്വര്‍ണം ആഭരണമാക്കി (ചെയിന്‍ പോലുള്ളവ) വാങ്ങിയ ശേഷം ബില്ല് ഉള്‍പ്പെടെ കൊണ്ടുവരുന്നത് ലാഭകരമാണ്. 60,000 രൂപ മുടക്കിയാല്‍ പണിക്കൂലി ഉള്‍പ്പെടെ പത്ത് ഗ്രാം സ്വര്‍ണം വരെ ഇന്നത്തെ വിലനിലവാരം അനുസരിച്ച് ദുബായില്‍ നിന്ന് കൊണ്ടുവരാന്‍ കഴിയും.

എന്നാല്‍ ദുബായില്‍ നിന്ന് എന്നല്ല ഏതൊരു വിദേശ രാജ്യത്ത് നിന്നും സ്വര്‍ണം വാങ്ങുമ്പോള്‍ നിയമപരമായ എല്ലാ വ്യവസ്ഥകളും കൃത്യമായി പാലിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. നിയമപരമായി അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ അളവില്‍ സ്വര്‍ണം കൊണ്ടുവരുന്നത് നിങ്ങളെ നിയമപരമായ നൂലാമാലകളിലും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യത്തിന്റെ കീഴിലും വരെ ഉള്‍പ്പെടുത്താനും ശിക്ഷിക്കാനും സാധിക്കുന്ന ഒന്നാണ്. (നിയമപരമായ മുന്നറിയിപ്പ്)

Advertisement
Advertisement