പൊതുവിതരണ വകുപ്പിൽ സുപ്രധാന കസേരകൾ കാലി

Thursday 04 July 2024 12:36 AM IST

കൊല്ലം: റേഷൻ വിതരണത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലായിട്ടും ജില്ലയിൽ പൊതുവിതരണ വകുപ്പിൽ ഒഴിഞ്ഞുകിടക്കുന്ന സുപ്രധാന തസ്തികകളിൽ നിയമനം വൈകുന്നു. ഏഴ് ജില്ലകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കൺട്രോളർ ഒഫ് റേഷനിംഗ് ഓഫീസിലേതടക്കം നാല് എ.ടി.എസ്.ഒ തസ്തികകളും രണ്ട് ആർ.ഐ തസ്തികകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്.

ഡെപ്യൂട്ടി കൺട്രോളർ ഒഫ് റേഷനിംഗ് കൂടുതൽ സമയവും ഫീൽഡിലായിരിക്കും. അതുകൊണ്ട് തന്നെ ഇവിടുത്തെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല എ.ടി.എസ്.ഒയ്ക്കാണ്. കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ രണ്ട് എ.ടി.എസ്.ഒ തസ്തികകളാണുള്ളത്. ഒരാൾക്ക് റേഷനിംഗിന്റെയും രണ്ടാമത്തെയാൾക്ക് ഭരണച്ചുമതലയുമാണ്. മൂന്നിടത്തും ഒരോ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ റേഷനിംഗും ഭരണച്ചുമതലയും ഒരാൾ തന്നെ ഒരുമിച്ച് വഹിക്കേണ്ട അവസ്ഥയാണ്. ജില്ലയിലെ ഒരു റേഷനിംഗ് ഇൻസ്പെക്ടർക്കും എ.ടി.എസ്.ഒക്കും മാസങ്ങൾ മുമ്പേ സപ്ലൈകോയിലേക്ക് ഡെപ്യൂട്ടേഷനായതാണ്. പകരം നിയമനം നടക്കാത്തതിനാൽ ഇരുവർക്കും വിടുതൽ നേടാൻ കഴിയുന്നില്ല. ഏറ്റവും കൂടുതൽ റേഷൻകടകളും ഉപഭോക്താക്കളുമുള്ള കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിലെ ഒരു ആർ.ഐയുടെ തസ്തികയിൽ ആളില്ലാതായിട്ട് നാല് മാസം പിന്നിടുന്നു.

നിയമവിരുദ്ധ സ്ഥലം മാറ്രമെന്ന്

 സ്ഥലം മാറ്റം ഓൺലൈനായി നടത്തണമെന്നാണ് നിയമം

 ജില്ലയിലടക്കം നേരിട്ട് സ്ഥലംമാറ്റം നടത്തിയതായും പരാതി

 സമീപത്ത് ഒഴിവുകളുണ്ടായിട്ടും മാറ്റുന്നത് ദൂരെ സ്ഥലങ്ങളിലേക്ക്

 ഇത് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെ ലംഘനം

ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ദൂരെ സ്ഥലങ്ങളിലേയ്ക്കാണ് സ്ഥലം മാറ്റുന്നത്.

ഉദ്യോഗസ്ഥർ

Advertisement
Advertisement