കലയുടെ കൊലപാതകം ഭർത്താവ് ഒന്നാംപ്രതി, മൂന്നുപേർ അറസ്റ്റിൽ  കൊലപാതകം വലിയ പെരുമ്പുഴ പാലത്തിൽ  പ്രതികൾ 6 ദിവസം പൊലീസ് കസ്റ്റഡിയിൽ

Thursday 04 July 2024 2:13 AM IST
2ഉം 3 ഉം, 4ഉം പ്രതികളായ ജിനു ഗോപി, സോമരാജൻ, പ്രമോദ് എന്നിവർ

മാന്നാർ: 15 വർഷം മുൻപ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കിൽ തള്ളിയ കേസിൽ ഇസ്രയേലിലുള്ള ഭർത്താവ് ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ അനിലിനെ (45) ഒന്നാം പ്രതിയാക്കി മാന്നാർ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്ര് രേഖപ്പെടുത്തി. രണ്ടുപേരെ വിട്ടയച്ചു.

അനിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

കാറിൽ സഞ്ചരിക്കവേ, വലിയപെരുമ്പുഴ പാലത്തിൽ വച്ചാണ് കലയെ കൊലപ്പെടുത്തിയതെന്നാണ് എഫ്.ഐ.ആർ. 2009ലായിരുന്നു സംഭവം. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നില്ല. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനു ഗോപി (48), കണ്ണമ്പള്ളിൽ സോമരാജൻ (55), കണ്ണമ്പള്ളിൽ പ്രമോദ് (45) എന്നിവരാണ് അറസ്റ്റിലായത്. ഇവർ യഥാക്രമം 2,3,4 പ്രതികളാണ്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.


സുരേഷ് കുമാർ, സന്തോഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചത്. സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കി. രണ്ട് സമുദായങ്ങളിൽപ്പെട്ട, അയൽവാസികളായ കലയും അനിലും പ്രണയിച്ചാണ് വിവാഹിതരായത്. അനിലിന്റെ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് മറ്റൊരു വീട്ടിൽ താമസമാക്കി. കെട്ടിട നിർമാണ കോൺട്രാക്ടർ ആയിരുന്ന അനിൽ കടബാദ്ധ്യത തീർക്കാൻ വിദേശത്തേക്ക് പോയി. അതിനിടെ കല മറ്റൊരാളുമായി ഇഷ്ടത്തിലായി. വീട്ടിൽനിന്ന് ഇറങ്ങിപ്പോയി ഇയാളോടൊപ്പം താമസിച്ചു. ഒന്നര വയസുള്ള മകനെ ഉപേക്ഷിച്ചു പോയവിവരം അനിൽ അറിഞ്ഞു. നാട്ടിലെത്തിയ ശേഷം കലയെ അനുനയിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി മറ്റ് പ്രതികളുടെ സഹായത്തോടെ സെപ്ടിക് ടാങ്കിൽ തള്ളിയെന്നാണ് പൊലീസ് പറയുന്നത്.

രണ്ടാം ഭാര്യയെ

ചോദ്യം ചെയ്തു

അനിലിന്റെ വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കഴിഞ്ഞദിവസം തുറന്ന് പരിശോധിച്ച മൂന്ന് സെപ്റ്റിക് ടാങ്കുകളും പരിശോധിച്ചു. അനിലിന്റെ മാതാപിതാക്കളെയും രണ്ടാം ഭാര്യയെയും വീട്ടിൽവച്ച് മാന്നാർ പൊലീസ് ചോദ്യം ചെയ്തു.

Advertisement
Advertisement