കലയുടെ കൊലപാതകം: തെളിവു ശേഖരണം വെല്ലുവിളി

Thursday 04 July 2024 2:15 AM IST

ആലപ്പുഴ: മാന്നാറിൽ 15വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കിലിട്ടെന്ന പ്രതികളുടെ കുറ്റസമ്മതത്തിൽ തെളിവുശേഖരണം പൊലീസിന് വെല്ലുവിളിയാകും.

മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കവും രാസവസ്തുപ്രയോഗവും മരണകാരണം കണ്ടെത്താൻ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. സെപ്ടിക് ടാങ്കിൽ നിന്നുലഭിച്ച അസ്ഥി കഷണങ്ങളും മുടിനാരിഴയും തലയിലിടുന്ന ക്ളിപ്പും അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് വള്ളിയും തിരുവനന്തപുരത്തെ ഫോറൻസിക് ലാബിന് കൈമാറി.

തലയോട്ടിയുൾപ്പെടെ കിട്ടാത്തതിനാൽ മരണകാരണമായ പരിക്കുകളോ ആഘാതമോ തിരിച്ചറിയാൻ പ്രയാസമാണ്. കഴുത്ത് ഞെരിച്ചാൽ കശേരുക്കളിലാണ് ബലപ്രയോഗത്തിന്റെ സൂചനകളുണ്ടാവുക. കണ്ടെത്തിയവയിൽ കശേരുക്കളുണ്ടോയെന്ന് വ്യക്തമല്ല. ഇവയിൽ നിന്ന് എന്തെങ്കിലും തെളിവുലഭിച്ചാലും വിസർജ്യങ്ങൾക്കൊപ്പം കാലങ്ങളോളം കിടന്നതിനാൽ കേസിന് സഹായകമാംവിധം ഉപയോഗിക്കുക വെല്ലുവിളിയാണ്. കൃത്യം നടന്ന കാറും കണ്ടെത്തേണ്ടതുണ്ട്. പിടിയിലായ പ്രതികളിൽ, അന്വേഷണത്തെ സഹായിക്കുമെന്ന് ഉറപ്പുള്ള ഒരാളെ മാപ്പ് സാക്ഷിയാക്കിയും കേസ് തെളിയിക്കാം.

ഡി.എൻ.എ സാമ്പിളുകൾ ലഭിക്കണം

1.ലഭിച്ചത് അസ്ഥികഷണങ്ങളെന്ന് സംശയിക്കുന്ന ചിലത് മാത്രമാണ്. ഇവയിൽ നിന്നോ

മുടിനാരിഴയിൽ നിന്നോ ഡി.എൻ.എ സാമ്പിളുകൾ ലഭിച്ചാൽ മൃതദേഹാവശിഷ്ടം കലയുടേതാണെന്ന് തിരിച്ചറിയാം

2.അസ്ഥികളിൽ മജ്ജയുടെ അംശം ഒട്ടുമില്ലെങ്കിൽ ഡി.എൻ.എ ശേഖരണം ബുദ്ധിമുട്ടാകും

3.സാക്ഷികളില്ലാത്ത കേസിൽ, സ്ളൈഡോ, ഇലാസ്റ്റിക്കോ നിർണായകതെളിവായി ഉറപ്പിക്കാനാവില്ല

സാഹചര്യ തെളിവുകൾ നിർണായകം

കേസിൽ സാഹചര്യത്തെളിവുകളാണ് ആകെയുള്ള പിടിവള്ളി. ഭർത്താവ് അനിലിന്റെ മൊഴി നിർണായകമാണ്. ഇയാൾ കുറ്റസമ്മതം നടത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. ലാസ്റ്റ് സീൻ ടുഗദർ തിയറിയും നി‌ർണായകമാകും. കലയെ അവസാനമായി കണ്ടതാരാണോ അവരുടെ മൊഴിയാണിത്.

അസ്ഥികഷണങ്ങളുടെ കാലപ്പഴക്കം ഡി.എൻ.എ സാമ്പിൾ ശേഖരണത്തെയും മരണകാരണം കണ്ടെത്തുന്നതിനെയും കാര്യമായി ബാധിക്കും. അതിവിദഗ്ദ്ധരായ ഒരു സംഘത്തിന്റെ സഹായം കേസിന് ആവശ്യമാണ്

-ഡോ. എൻ.എ.ബാലറാം

റിട്ട. പൊലീസ് സർജൻ, പാരിപ്പള്ളി മെഡി. കോളേജ്.

മതിയായ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകളും മാപ്പുസാക്ഷിയുടേതുൾപ്പെടെ മൊഴികളുമാകും നിർണായകമാവുക.

-അഡ്വ. പ്രതാപ് ജി.പടിക്കൽ

നിയമ വിദഗ്ദ്ധൻ

Advertisement
Advertisement