അമിത വേഗത, സൽമാന്റെ ഫിറ്റ്നെസും റദ്ദാക്കി
കൊച്ചി: പെരുമ്പാവൂർ കോതമംഗലം റൂട്ടിൽ കുറുപ്പംപടി വട്ടോളിപ്പടിയിൽ രണ്ട് ബസുകൾ ഒരേസമയം അമിതവേഗതയിൽ ലോറിയെ മറികടക്കാൻ ശ്രമിച്ച സംഭവത്തിൽ അജുവ ബസിന് പിന്നാലെ സൽമാൻ ബസിന്റെ ഫിറ്റ്നെസും മോട്ടോർ വെഹിക്കിൾ വകുപ്പ് റദ്ദാക്കി. പെരുമ്പാവൂർ ജോയിന്റ് ആർ.ടി ഓഫീസിലെ എ.എം.വി.ഐമാരായഎസ്.ഷിബു, എം.ജെ. ജോർലിഷ് എന്നിവർ നടത്തിയ പരിശോധനയിൽ ബസിന്റെ മുന്നിലെ വിൻഡ് ഷീൽഡ് ഗ്ലാസ് പൊട്ടിയതിനും സ്പീഡ് ഗവർണർ വിഛേദിച്ച് സർവീസ് നടത്തിയതിനും വലിയ ശബ്ദമുള്ള എയർഹോൺ ഘടിപ്പിച്ചതിനുമാണ് നടപടി. ഡ്രൈവർ അഖിൽ പി. നാരായണന്റെ ലൈസൻസും സസ്‌പെൻഡ് ചെയ്തു. എടപ്പാളിലെ ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ വിദഗ്ദ്ധ പരിശീലനത്തിന് നോട്ടീസും നൽകി. കഴിഞ്ഞദിവസം കനത്തമഴയിൽ ലോറിയെ മറികടന്നെത്തുന്ന അജുവ, സൽമാൻ ബസുകൾ എതിർദിശയിൽ നിന്നുവന്ന കാറിന് മുന്നിലേയ്ക്ക് അപകടകരമായി എത്തുന്ന ദൃശ്യം കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവം നവമാദ്ധ്യമങ്ങളിൽ വൈറലായതോടെ മോട്ടോർ വെഹിക്കിൾ വകുപ്പ് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് നടപടി. കാർ യാത്രികർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.