'സ്റ്റാർട്ടിംഗ് ട്രബിൾ' മാറി, മൊബൈൽ ഭക്ഷ്യപരിശോധന ലാബ് പണിതുടങ്ങി

Friday 05 July 2024 12:01 AM IST

കൊച്ചി: ഒടുവിൽ കൊച്ചി കോർപ്പറേഷന്റെ മൊബൈൽ ഭക്ഷ്യപരിശോധനാ ലാബ് പണിതുടങ്ങി. ഉദ്ഘാടനം കഴിഞ്ഞ് 6മാസമായിട്ടും കോർപ്പറേഷൻ കോമ്പൗണ്ടിൽ വിശ്രമിക്കുകയായിരുന്ന ലാബിനെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞദിവസം തേവര മാർക്കറ്റിലായിരുന്നു മൊബൈൽലാബിന്റെ കന്നി ദൗത്യം. ഇവിടെയുള്ള മത്സ്യമാർക്കറ്റിലെ 5 സ്റ്രാളുകളിൽ വില്പനയ്ക്ക് വച്ചിരുന്ന മത്സ്യസാമ്പിൾ പരിശോധിച്ചു. ഒന്നിൽപ്പോലും അമോണിയയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നഗരത്തിലെ വൻകിട ഹോട്ടലുകളിൽ ഇടയ്ക്കിടെ പരിശോധന നടത്തുമ്പോഴും ചെറുകിട ഹോട്ടലുകളും തട്ടുകടകളും പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് എല്ലാവിഭാഗം ഭക്ഷണ നിർമ്മാണ- വിതരണ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന എണ്ണ, വെള്ളം, പാൽ അടക്കമുള്ള ഭക്ഷ്യസാധനങ്ങളുടേയും ഉത്പന്നങ്ങളുടേയും ഗുണനിലവാരവും മത്സ്യം ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും അതത് സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധിക്കാൻ മൊബൈൽ ലബോറട്ടറി സജ്ജമാക്കിയത്. കേരളത്തിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപന ആദ്യമായാണ് ഇത്തരം ഭക്ഷ്യപരിശോധന സംവിധാനമൊരുക്കിയത്. നിയോൺ ഫുഡ് ആൻഡ് അനിമൽ സെക്യൂരിറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, സെ്റ്റർലിംഗ് ഗ്രൂപ്പ് എന്നിവരുടെ സാങ്കേതിക സഹകരണത്തോടെ, ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 41ലക്ഷം രൂപ ചെലവഴിച്ചാണ് ലാബ് സജ്ജീകരിച്ചത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞവർഷം ഡിസംബർ 9ന് മന്ത്രി വീണ ജോർജ് നിർവഹിക്കുകയും ചെയ്തു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും പദ്ധതിക്ക് എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് ഒന്നും സംഭവിച്ചില്ല. ഇതിനെതിരെ നരഗസഭയിലെ യു.ഡി.എഫ് കൗൺസിലർമാരും രംഗത്തുവന്നിരുന്നു.

'' ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നേരിടുന്ന ഈ കാലയളവിൽ മൊബൈൽ ലാബിന്റെ പ്രവർത്തനം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടി വ്യാപിപ്പിക്കും.''

:അഡ്വ.എം.അനിൽ കുമാർ, മേയർ

Advertisement
Advertisement