പണം വാങ്ങിയേ ഉദ്ഘാടനത്തിന് വരൂ, ആ തുക സമൂഹത്തിനെന്ന് സുരേഷ് ഗോപി

Friday 05 July 2024 4:41 AM IST

എങ്ങണ്ടിയൂർ: എം.പി എന്ന നിലയിൽ തന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടെന്നും നടനായാണ് ഉദ്ഘാടനം ചെയ്യാനെത്തുകയെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അവകാശപ്പെട്ടു. പണം വാങ്ങിയേ ഉദ്ഘാടനച്ചടങ്ങിന് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈവിധം ലഭിക്കുന്ന പണം സമൂഹനന്മയ്ക്കായി ഉപയോഗിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

'ഞാൻ ഇനിയും സിനിമ ചെയ്യും. സിനിമകളിലെ വരുമാനത്തിന്റെ അഞ്ച് മുതൽ എട്ടു ശതമാനം നിർദ്ധനർക്കുള്ളതാണ്. അതു നൽകാനേ അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ. വ്യക്തികൾക്കല്ല, ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങൾക്കായി പണം വിനിയോഗിക്കും.' - സുരേഷ് ഗോപി പറഞ്ഞു.

എം.പി ഉദ്ഘാടനത്തിന് പണം വാങ്ങുന്നുവെന്നതിൽ ആക്രമണം വന്നേക്കാം. തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചിരിക്കുന്നത്. മറ്റാരുടെയും ഉപദേശം ആവശ്യമില്ല. കൃത്യമായിത്തന്നെ നിർവഹിച്ചിരിക്കും. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് നേരത്തെ തെളിയിച്ചതാണ്. ഒന്നും വെറുതെ പറഞ്ഞതല്ല. ഈശ്വരൻ അനുഗ്രഹിച്ചാൽ അതുക്കും മേലെ ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

''ഉദ്ഘാടനത്തിന് എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ യോഗ്യമായ ശമ്പളം വാങ്ങും. അതിൽ നിന്ന് നയാ പൈസ എടുക്കില്ല, എന്റെ ട്രസ്റ്റിലേക്ക് പോകും. നേരത്തേ സൂചിപ്പിച്ച കാര്യങ്ങൾക്കായി അത് ഉപയോഗിക്കും.

- സുരേഷ്‌ഗോപി

Advertisement
Advertisement