സുപ്രധാന വിധിയുമായി ഹൈക്കോടതി , അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല

Friday 05 July 2024 4:58 AM IST

കൊച്ചി: കുട്ടികളുടെ നന്മയെ കരുതി അദ്ധ്യാപകൻ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി വിധിച്ചു. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അദ്ധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമല്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് എറണാകുളം കോടനാട് തോട്ടുവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഇംഗ്ലീഷ് അദ്ധ്യാപകൻ തല്ലിയെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. അദ്ധ്യാപകനെതിരായ നടപടികൾ റദ്ദാക്കി.

ചിൽഡ്രൻസ് ഹോം, ഷെൽറ്റർ, സ്‌പെഷ്യൽ ഹോം തുടങ്ങിയവയുടെ ഗണത്തിൽപ്പെടുന്നതല്ല സ്‌കൂളുകൾ. അദ്ധ്യാപകൻ ദുരുദ്ദേശ്യത്തോടെ ചെയ്തതാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ബാലനീതി നിയമത്തിലെ 82-ാം വകുപ്പിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324-ാം വകുപ്പിന്റെയും പരിധിയിൽ ഇതു വരില്ല.

കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനയിലായിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപകനാണ് ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിയുടെ ആരോഗ്യത്തെ

ബാധിക്കരുത്

 കുട്ടിയെ സ്‌കൂളിൽ ചേർക്കുമ്പോൾ വ്യക്തിത്വ വികാസത്തിന്റെ ഭാഗമായി ശിക്ഷിക്കാനുള്ള അനുമതി രക്ഷിതാവ് പരോക്ഷമായി കൈമാറുകയാണെന്ന് കെ.എ. അബ്ദുൽ വാഹിദ് കേസിൽ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്

 അതേസമയം, പെട്ടെന്നുണ്ടാകുന്ന കോപത്തെ തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുംവിധം മർദ്ദിക്കാൻ അവകാശമില്ല. കുട്ടിയുടെ പ്രായവും ശിക്ഷിക്കാനുള്ള സാഹചര്യവും പരിഗണിക്കണം

 ശിക്ഷാനടപടി സ്വീകരിക്കുമ്പോൾ അദ്ധ്യാപകർക്ക് സ്വയം നിയന്ത്രണമുണ്ടാവുകയും വേണം. ഈ കേസിൽ അദ്ധ്യാപകൻ പരിധി കടന്നെന്ന് കരുതാനാവില്ലെന്നും കോടതി