പെരുമ്പെട്ടിയിൽ പ്രതിഷേധം, വോളിബാൾ കോർട്ടിൽ വേണോ സ്കൂൾ കെട്ടിടം

Friday 05 July 2024 12:24 AM IST

മല്ലപ്പള്ളി : പെരുമ്പെട്ടിയുടെ കായികസ്വപ്നത്തിന് കഴിഞ്ഞ ഏഴു പതിറ്റാണ്ടായി നെറ്റുകെട്ടിയ ഗവ.എൽ.പി സ്കൂളിലെ വോളിബാൾ കോർട്ട് ഇല്ലാതാക്കി സ്കൂൾ കെട്ടിടം പണിയാൻ നീക്കം. നിരവധി വോളിബാൾ മേളകൾക്ക് വേദിയായ മൈതാനമാണ് സ്കൂൾ കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിനായി അധികൃതർ

കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ മണ്ണുപരിശോധനയും തുടങ്ങിയിട്ടുണ്ട്. കോർട്ട് ഒഴിവാക്കി പഴയകെട്ടിടം നിലനിൽക്കുന്ന ഭാഗത്ത് പുനർനിർമ്മിക്കുമെന്നായിരുന്നു അധികൃതർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. കോർട്ട് നഷ്ടപ്പെടുത്തിയുള്ള നിർമ്മാണത്തിനെതിരെ പ്രതിഷേധവും വ്യാപകമാണ്.

പൊളിക്കുന്നത് നവീകരിച്ച കെട്ടിടം

എല്ലാഅടിസ്ഥാന സൗകര്യങ്ങളുമുണ്ടായിരുന്ന കെട്ടിത്തിന്റെ മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റാണെന്ന കാരണത്താൽ കഴിഞ്ഞവർഷം 7 ലക്ഷം രൂപ ചെലവിൽ അലൂമിനിയം ഷീറ്റാക്കിയിരുന്നു. കരിങ്കല്ലിലും ചുടുകട്ടയിലും നിർമിച്ച

ക്ലാസ് മുറികൾക്ക് ബലക്ഷയമില്ല. സമീപമുള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് ഓഫീസും സ്മാർട്ട് ക്ലാസ് മുറിയും പ്രവർത്തിക്കുന്നത്.

ചുറ്റുമതിലുള്ള സ്കൂൾ പരിസരത്ത് അങ്കണവാടിയും പഴയ സ്കൂൾ കെട്ടിടത്തോട് ചേർന്നുള്ള കെട്ടിടങ്ങളിൽ പാചകപ്പുരയും ഇതിന് ഇരുവശവുമായി രണ്ടുശുചിമുറി സമുച്ചയങ്ങളും മധ്യത്തിലായി വോളിബാൾ കോർട്ടുമാണുള്ളത്.

പുതിയ കെട്ടിടത്തിന്റെ
നിർമ്മാണച്ചെലവ് : 1.05 കോടിരൂപ

പഴയ സ്കൂൾ കെട്ടിടത്തിനും അങ്കണവാടിക്കുമിടയിൽ പുതിയ കെട്ടിടത്തിന് സൗകര്യമുണ്ട്. കോർട്ട് നിലനിറുത്തിയുള്ള കെട്ടിട നിർമ്മാണം നടത്തണമെന്നാണ്

കായിക പ്രേമികളുടെ ആവശ്യം.

വോളിബാൾ കോർട്ടിലെ കെട്ടിട നിർമ്മാണം വരും തലമുറയുടെ കായിക സ്വപ്നങ്ങളെ തല്ലിത്തകർക്കുന്നതാണ്. അധികൃതർ പുനർചിന്തനം നടത്തണം.

മനോജ് കുമാർ, വോളിബാൾ താരം

Advertisement
Advertisement