എ.ഐ ഇന്റർനാഷണൽ കോൺക്ലേവ് നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത് മുഖ്യ പ്രഭാഷകൻ

Friday 05 July 2024 12:53 AM IST

തിരുവനന്തപുരം: നിർമ്മിത ബുദ്ധിയിലെ പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്താൻ സംസ്ഥാന സർക്കാർ ഐ.ബി.എമ്മുമായി സഹകരിച്ച് ജൂലായ് 11, 12 തീയതികളിൽ കൊച്ചിയിലെ ലുലു ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ജനറേറ്റീവ് എ.ഐ കോൺക്ളേവിൽ നാസയിലെ മുൻ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത് മുഖ്യപ്രഭാഷകനാകും.

വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ജനറേറ്റീവ് എ.ഐ ഇന്റർനാഷണൽ കോൺക്ലേവ് വഴിയൊരുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) പരിവർത്തന സാദ്ധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും സമ്മേളനം ചർച്ച ചെയ്യും. 11 ന് രാവിലെ 10.15 ന് സമ്മേളനത്തിന് തുടക്കമാകും. വൈകിട്ട് 4.15 ന് 'ലെസൺസ് ലേൺഡ് ഫ്രം എ സ്‌കൈവാക്കർ' എന്ന വിഷയത്തിലാണ് സ്റ്റീവ് സ്മിത്ത് പ്രസംഗിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഐ.ബി.എം സോഫ്റ്റ് വെയർ പ്രൊഡക്ട്സ് സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, ഇലക്ട്രോണിക്സ് ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, പി.ആർ. ഡി സെക്രട്ടറിയും കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ എന്നിവരും പങ്കെടുക്കും.

പങ്കെടുക്കുന്നവർ

സെവിയ എഫ്.സി. ചീഫ് ഡാറ്റ ഓഫീസർ ഡോ. ഏലിയാസ് സാമോറ സില്ലേരോ, കോമ്പാരസ് സി.ഇ.ഒ ദിമിത്രി ഗാമർനിക്, ഐ.ബി.എം റിസർച്ച് എ.ഐ വൈസ് പ്രസിഡന്റ് ശ്രീറാം രാഘവൻ, ഐ.ബി.എം ഡാറ്റ ആൻഡ് എ.ഐ ഫെലോ ട്രെന്റ് ഗ്രെ ഡോണാൾഡ് തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement