ടെസ്‌ല ഉടൻ ഇന്ത്യയിലേക്കില്ല

Friday 05 July 2024 12:57 AM IST

ഇന്ത്യയുമായുള്ള ചർച്ചകൾ മരവിപ്പിച്ച് ഇലോൺ മസ്‌ക്

കൊച്ചി: വൈദ്യുത വാഹന വിപണിയിലെ ആഗോള ഭീമനായ ടെസ്‌ല ഇന്ത്യയിൽ ഉടനെയൊന്നും നിക്ഷേപം നടത്തില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി നിശ്ചയിച്ച ഇലോൺ മസ്‌ക്ിന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കിയതിന് ശേഷം ടെസ്‌ലയുടെ ഉദ്യോഗസ്ഥർ സംസാരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. ടെസ്‌ലയുടെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് നിക്ഷേപ തീരുമാനം നീളുന്നതെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ രണ്ട് ത്രൈമാസങ്ങളിലും ആഗോള വിപണിയിൽ വില്പനയിൽ ഇടിവ് നേരിട്ട ടെസ്‌ല ചൈനയിൽ വലിയ മത്സരമാണ് നേരിടുന്നത്. വർഷങ്ങൾക്ക് ശേഷം ടെസ്‌ല അവതരിപ്പിച്ച സ്‌റ്റാർട്രെക്കെന്ന പുതിയ മോഡലിനും വിപണിയിൽ കാര്യമായ വിജയം നേടാനായില്ല. ഇതോടെ ജീവനക്കാരെ കുറയ്ക്കുന്നതുൾപ്പെടെയുള്ള കടുത്ത ചെലവ് ചുരുക്കൽ നടപടികളിലൂടെ നീങ്ങുന്ന ടെസ്‌ലയ്ക്ക് നിലവിൽ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തുന്നതിനുള്ള ധനശേഷിയില്ലെന്നും വിലയിരുത്തുന്നു. ഏപ്രിലിൽ പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ച പ്രത്യേകിച്ച് കാരണങ്ങളൊന്നും പറയാതെയാണ് മസ്‌ക് പൊടുന്നനേ റദ്ദാക്കിയത്.

ഇറക്കുമതി തീരുവ കുറച്ചതും ഗുണമായില്ല

ടെസ്‌ല ഉൾപ്പെടെയുള്ള ആഗോള ബ്രാൻഡുകളുടെ നിക്ഷേപം ആകർഷിക്കുന്നതിനായി കേന്ദ്ര സർക്കാർ വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് വൈദ്യുതി വാഹന നിർമ്മാണത്തിനായി 4,150 കോടി രൂപയിലധികം നിക്ഷേപിക്കുന്ന വിദേശ കമ്പനികൾക്ക് കുറഞ്ഞ നികുതിയിൽ വാഹനങ്ങൾ ഇന്ത്യയിലെത്തിക്കാനാണ് നയം മാറ്റിയത്.

Advertisement
Advertisement