അട്ടപ്പാടിയിലെ ദമ്പതികൾക്കും 26 'മക്കൾക്കും' എം.എ. യൂസഫലിയുടെ കൈത്താങ്ങ്

Friday 05 July 2024 12:00 AM IST

 വീട് വാങ്ങാൻ 15 ലക്ഷം, ദൈനംദിന ചെലവിന് 5 ലക്ഷം

കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ഭിന്നശേഷിക്കാരായ 26 കുട്ടികളുമായി വാടകവീട്ടിൽ കഴിയുന്ന സജി - ബിസ്‌ന ദമ്പതികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കാരുണ്യഹസ്തം. വീട് വാങ്ങാൻ 15 ലക്ഷവും കുട്ടികളുടെ ദൈനംദിന ചെലവിന് അഞ്ച് ലക്ഷവും ഉൾപ്പെടെ 20 ലക്ഷം രൂപയുടെ ചെക്ക് ലുലു ഗ്രൂപ്പ് പ്രതിനിധികൾ കൈമാറി.

കുട്ടികൾ ഇല്ലാത്ത സജിയും ബിസ്‌നയുംനടത്തുന്ന ദയശ്രേയ ചാരിറ്റബിൾ റീഹാബിലേഷൻ സൊസൈറ്റിയിൽ പ്രത്യേക പരിചരണം ആവശ്യമായ 26 ഭിന്നശേഷി കുട്ടികളാണുള്ളത്. ഇവരുടെ നിത്യചെലവുകളും വീട്ടുവാടകയും സാധാരണക്കാരായ ദമ്പതികൾക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. സാമ്പത്തിക പ്രയാസം മൂലം ആദ്യം താമസിച്ചിരുന്ന വാടകവീട് ഒഴിഞ്ഞ് അട്ടപ്പാടി മുക്കാലിയിലേക്ക് മാറിയ വീട് വിൽക്കുമെന്ന് ഉടമ അറിയിച്ചതോടെ ദമ്പതികൾ ആശങ്കയിലായി. നാട്ടുകാരുടെ സഹായത്തോടെ നാല് ലക്ഷം രൂപ സമാഹരിച്ചെങ്കിലും വീട് സ്വന്തമാക്കാൻ 15 ലക്ഷം രൂപ കൂടി വേണമായിരുന്നു.

ഇവരുടെ ദുരവസ്ഥ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ യൂസഫലി കുട്ടികളുടെ സങ്കടം പരിഹരിക്കാൻ ലുലു ഗ്രൂപ്പ് പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു പാലക്കാട് ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജയേഷ് നായർ, ഹൈപ്പർമാർക്കറ്റ് മാനേജർ എസ്. ഹരികൃഷ്ണൻ എന്നിവരാണ് മുക്കാലിയിലെ വീട്ടിലെത്തി തുക കൈമാറിയത്. യൂസഫലിയുടെ കാരുണ്യത്തിനും മഹാമനസ്കതയ്ക്കും ദമ്പതികളും മക്കളും നന്ദി അറിയിച്ചു.

Advertisement
Advertisement