ലോകമറിഞ്ഞു; വയനാടൻ കോഫി രുചി വിജയനിലൂടെ

Friday 05 July 2024 12:27 AM IST
കോപ്പൻഹേഗനിലെ മേളയിൽ പി.സി.വിജയനും സുശേന ദേവിയും (വലത്തെയറ്റം)

കൽപ്പറ്റ: വയനാടൻ റോബസ്റ്റ കോഫി രുചി ലോകത്തിന് പകർന്ന് വിജയൻ തിരിച്ചെത്തിയത് പ്രതീക്ഷയോടെ. ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ വേൾഡ് ഒഫ് കോഫിയുടെ കോപ്പൻഹേഗൻ എഡിഷനിലാണ് വയനാട് കാര്യമ്പാടി ലച്ചിക്കുനി സ്വദേശി പി.സി.വിജയൻ വയനാടൻ റോബസ്റ്റ കോഫിയെ പരിചയപ്പെടുത്തിയത്.

ജൂൺ 27 മുതൽ 29 വരെയായിരുന്നു കോപ്പൻഹേഗനിൽ രാജ്യാന്തര മേള. 130 രാജ്യങ്ങളിൽ നിന്നുളളവർ പങ്കെടുത്തു. അഞ്ഞൂറോളം കർഷകരിൽ നിന്നാണ് വിജയനെ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തത്. വിജയന് ഒന്നര ഏക്കർ കാപ്പി കൃഷിയുണ്ട്. അതിൽ നൂറ് വർഷം പഴക്കമുള്ള കാപ്പിച്ചെടിവരെയുണ്ട്. 'കാപ്പിയെ അറിയാൻ" എന്ന പേരിൽ കോഫി ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ കാപ്പിയുടെ ഗുണമേന്മ പരിശോധിച്ചും അഭിമുഖം നടത്തിയുമായിരുന്നു വിജയനെ തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാരിന്റെ സ്പോൺസർഷിപ്പിൽ വയനാട്ടിലെ മടക്കിമല സ്വദേശി സുശേന ദേവി, അനൂപ് പാലുകുന്ന്, കേരള കോഫി ലിമിറ്റഡ് ഡയറക്ടർ ജീവാനന്ദൻ എന്നിവരും പങ്കെടുത്തിരുന്നു. പ്രദർശനത്തിന് ശേഷം കാപ്പിയുടെ സ്വീകാര്യതയെ കുറിച്ച് അറിയിക്കണമെന്ന് നേരത്തെ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ കാപ്പി രുചികൾ സംഗമിക്കുന്ന വേൾഡ് ഓഫ് കോഫിയുടെ കോപ്പൻഹേഗൻ എഡിഷനിൽ കേരളത്തിൽ നിന്നുള്ള വയനാടൻ റോബസ്റ്റ കാപ്പിക്കു മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് വിജയൻ പറഞ്ഞു. സ്വീഡൻ, ജർമ്മനി, ഓസ്ട്രീയ, പോളണ്ട്, നോർവെ, നെതർലാൻഡ്, ചെക്ക് റിപ്പബ്ളിക്, യു.കെ, സ്പെയിൻ, ഇറ്റലി, ഡെൻമാർക്ക് എന്നിവിടങ്ങളിലുള്ളവർ വയനാടൻ റോബസ്റ്റ കാപ്പി രുചിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തി. ഭാര്യ: ഗീത. മക്കൾ: വിനീത,വിജിത. തിരിച്ചെത്തിയ വിജയൻ ഉൾപ്പെട‌െയുള്ളവർക്ക് തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി. രാജീവ് സ്വീകരണം നൽകി.

''അന്താരാഷ്ട‌്ര വിപണിയിൽ വയനാടൻ കാപ്പിക്ക് സാദ്ധ്യത ഏറെയാണ്. വയനാട്ടിൽ നിന്ന് കൊണ്ടുപോയ കാപ്പിപ്പരിപ്പ് ഉപയോഗിച്ച് നല്ല ചൂടുള്ള മധുരമില്ലാത്ത കട്ടൻ കാപ്പിയാണ് മേളയിൽ നൽകിയത്. ഏവർക്കും ഇഷ്ടമായി."

-പി.സി. വിജയൻ

Advertisement
Advertisement