കലക്കൻ ക്വാർട്ടറുകൾ

Thursday 04 July 2024 11:34 PM IST

സ്പെയ്ൻ - ജർമ്മനി

9.30 pm മുതൽ

സ്പെയ്നോ, ജർമ്മനിയോ ; ആരു വീഴും ?

യൂറോ കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽതന്നെ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ വിധിയെഴുതും. ഗ്രൂപ്പ് റൗണ്ടിൽ മൂന്ന് കളികളും ജയിച്ചുവന്ന സ്പെയ്നും രണ്ട് കളി ജയിക്കുകയും ഒന്ന് സമനിലയിലാക്കുകയും ചെയ്ത ജർമ്മനിയുമാണ് ആദ്യ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റ് എന്ന മേൽക്കൈയുള്ള ജർമ്മനി ഗ്രൂപ്പ് റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ (8) നേടിയ ടീമാണ്. രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. പ്രീ ക്വാർട്ടറിൽ

ഡെന്മാർക്കിനെ 2-0ത്തിന് തോൽപ്പിച്ചാണ് അവർ അവസാന എട്ടിലേക്ക് കയറിയത്. ഗ്രൂപ്പ് ബിയിൽ ഒരു ഗോളും വഴങ്ങാതെ അഞ്ചെണ്ണമടിച്ച സ്പെയ്ൻ പ്രീ ക്വാർട്ടറിൽ ജോർജിയയെ കീഴടക്കിയത് 4-1നാണ്. അങ്ങനെ ടൂർണമെന്റിൽ ജർമ്മനി ഇതുവരെ 10 ഗോളുകളും സ്പെയ്ൻ ഒൻപത് ഗോളുകളും നേടിക്കഴിഞ്ഞു.

യുവതാരങ്ങളുടെ കരുത്തിൽ അതിഗംഭീരപ്രകടനമാണ് സ്പെയ്നിന്റെ ചെമ്പട ഈ യൂറോയിൽ കാഴ്ചവയ്ക്കുന്നത്. ആദ്യമത്സരത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ക്രൊയേഷ്യയെ കീഴടക്കിയപ്പോൾ തന്നെ അൽവാരോ മൊറാട്ട നയിക്കുന്ന ടീമിന്റെ കരുത്ത് വെളിപ്പെട്ടിരുന്നു. തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ ഏകപക്ഷീയമായ ഏക ഗോളിന് കീഴടക്കി. അവസാന മത്സരത്തിൽ അൽബേനിയയെയും ഇതേ സ്കോറിന് തോൽപ്പിച്ചതോടെ മരണഗ്രൂപ്പായി വിലയിരുത്തപ്പെട്ടിരുന്ന ബി ഗ്രൂപ്പിൽ നിന്ന് ഒറ്റക്കളി തോൽക്കാതെ,ഒറ്റ ഗോൾ വഴങ്ങാതെ ഒന്നാമന്മാരായി പ്രീ ക്വാർട്ടറിലെത്തി. അവിടെ ജോർജിയ ആദ്യ ഗോൾ നേടി ഞെട്ടിച്ചെങ്കിലും തുടർച്ചയായി നാലെണ്ണം തിരിച്ചുകൊടുത്ത് ചെങ്കീരികൾ ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു.

പരിചയസമ്പന്നരായ മൊറാട്ട, ഡാനി കർവഹായൽ , പെഡ്രി,റൊഡ്രി, ഫാബിയൻ റൂയിസ്,ലാപോർട്ടെ എന്നിവർക്കൊപ്പം യുവപ്രതിഭകളായ ലാമിൻ യമാലും നിക്കോ വില്യംസും അണിനിരക്കുന്ന സ്പാനിഷ് ടീമിന്റെ വലകാക്കുന്നത് അത്‌ലറ്റിക്കോ ബിൽബാവോ ക്ളബിന്റെ വിശ്വസ്തനായ ഉനേയ് സൈമണാണ്.

ജർമ്മനി ആദ്യ മത്സരത്തിൽ സ്കോട്ട്‌ലാൻഡിനെ 5-1ന് തോൽപ്പിച്ചാണ് തുടങ്ങിയത്. തുടർന്ന് ഹംഗറിയെ 2-0ത്തിന് തോൽപ്പിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്വിറ്റ്സർലാൻഡുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. പ്രീ ക്വാർട്ടറിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് ഡെന്മാർക്കിനെ മറികടന്നത്. ഇക്കേയ് ഗുണ്ടോഗൻ നയിക്കുന്ന ജർമ്മൻ ടീമിൽ കായ് ഹാവെർട്സ്, ടോണി ക്രൂസ്,ജമാൽ മുസൈല,ലെറോയ് സാനേ,ജോഷ്വ കിമ്മിഷ്,ഗോളി മാനുവൽ ന്യൂയർ തുടങ്ങിയ കരുത്തന്മാരുടെ വൻനിരതന്നെയാണുള്ളത്.

26

മത്സരങ്ങളിലാണ് സ്പെയ്നും ജർമ്മനിയും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്.

9

ജയം ജർമ്മനിക്ക്

8

ജയം സ്പെയ്നിന്

9

മത്സരങ്ങൾ സമനിലയിൽ

2022 ലോകകപ്പിന്റെ ഗ്രൂപ്പ് ഇ മത്സരത്തിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 1-1ന് സമനിലയിൽ പിരിഞ്ഞു.

6-0

2020 നവംബറിൽ യുവേഫ നേഷൻസ് ലീഗിൽ സ്പെയ്ൻ മറുപടിയില്ലാത്ത ആറുഗോളുകൾക്ക് ജർമ്മനിയെ നാണംകെടുത്തിയിരുന്നു.ജർമ്മനിക്കെതിരെ സ്പെയ്നിന്റെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്.

Advertisement
Advertisement