മുഖാമുഖത്തിന് ക്രിസ്റ്റ്യാനോയും എംബാപ്പെയും

Thursday 04 July 2024 11:36 PM IST

പോർച്ചുഗൽ - ഫ്രാൻസ് ക്വാർട്ടർ രാത്രി 12.30 മുതൽ

ഹാംബർഗ് : സ്ളൊവേനിയയെ ഷൂട്ടൗട്ടിൽ വീഴ്ത്തി എത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും തമ്മിലുള്ള മുഖാമുഖമാണ് ഇന്ന് രാത്രി 12.30ന് ഹാംബർഗിൽ നടക്കുന്ന ഫ്രാൻസും പോർച്ചുഗലും തമ്മിലുള്ള യൂറോ കപ്പ്

ക്വാർട്ടർ ഫൈനൽ. പ്രീ ക്വാർട്ടറിൽ ബെൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നാണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയിരിക്കുന്നത്.

ഈ യൂറോകപ്പിൽ ക്രിസ്റ്റ്യാനോയ്ക്കും എംബാപ്പെയ്ക്കും തങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഓസ്ട്രിയയ്ക്ക് എതിരായ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മൂക്കിന് പരിക്കറ്റ എംബാപ്പെ ഹോളണ്ടിന് എതിരായ രണ്ടാം മത്സരത്തിൽ കളിച്ചില്ല. പോളണ്ടിനെതിരെ കറുത്ത മാസ്ക് ധരിച്ച് കളത്തിലിറങ്ങി പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടി. പ്രീ ക്വാർട്ടറിൽ സ്കോർ ചെയ്യാനായില്ല.

നിലവിലെ ലോകകപ്പ് റണ്ണേഴ്സ് അപ്പായ ഫ്രാൻസിന്റെ ഈ യൂറോയിലെ പ്രകടനവും അത്ര കേമമല്ല. നേടിയ രണ്ട് വിജയങ്ങളും സെൽഫ് ഗോളിലൂടെയാണ്. ഒരുകളിയിൽ സമനിലയിലായത് ഗോളടിക്കാതെയും ഒരുകളിയിൽ പെനാൽറ്റിയിലൂടെയും. അന്റോയ്ൻ ഗ്രീസ്മാൻ, കോളോ മുവാനി, മാർക്കസ് തുറാം,എൻഗോളോ കാന്റേ, ടുഹാമേനി, സലീബ,തിയോ ഹെർണാണ്ടസ് തുടങ്ങിയ മികച്ച താരങ്ങൾ ഫ്രഞ്ച് നിരയിലുണ്ട്.

പോർച്ചുഗൽ ചെക് റിപ്പബ്ളിക്കിനെ 2-1നും തുർക്കിയെ 3-0ത്തിനും തോൽപ്പിച്ചാണ് തുടങ്ങിയതെങ്കിലും ജോർജിയയോട് മറുപ‌ടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റത് ക്ഷീണമായി. പ്രീ ക്വാർട്ടറിൽ സ്ളൊവേനിയയെപ്പോലൊരു കന്നിക്കാരോട് ജയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നു. 39 വയസുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പഴയ വീര്യം പുറത്തെടുക്കാനാവാത്തതാണ് പ്രധാന പ്രശ്നം. ബ്രൂണോ ഫെർണാണ്ടസ്,ബെർനാഡ് സിൽവ, പെപ്പെ, യാവോ കാൻസെലോ, വിറ്റീന്യ, റാഫേൽ ലിയാവോ തുടങ്ങിയ താരങ്ങളാണ് ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പമുള്ളത്.

28 മത്സരങ്ങളിലാണ് പോർച്ചുഗലും ഫ്രാൻസും ഇതുവരെ ഏറ്റുമുട്ടിയത്.

19 മത്സരങ്ങളിലും ജയിച്ചത് ഫ്രാൻസ്

6 കളികളിൽ മാത്രം പോർച്ചുഗീസ് ജയം

3 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു

കഴിഞ്ഞ യൂറോകപ്പിന്റെ ഗ്രൂപ്പ് മത്സരത്തിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 2-2ന് സമനിലയിൽ പിരിഞ്ഞു.

2016 യൂറോ കപ്പിന്റെ ഫൈനലിലാണ് അവസാനമായി പോർച്ചുഗൽ ഫ്രാൻസിനെ തോൽപ്പിച്ചത്.

Advertisement
Advertisement