പാർട്ടി നേതാക്കൾക്ക് ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞു: സീതാറാം യെച്ചൂരി

Friday 05 July 2024 12:59 AM IST

കരുനാഗപ്പള്ളി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ബഹുജന സംഘടനകളുടെ വോട്ട് കേരളത്തിൽ ചോർന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കരുനാഗപ്പള്ളിയിൽ നടന്ന സി.പി.എം ദക്ഷിണമേഖല അവലോകന യോഗത്തിൽ കേന്ദ്രകമ്മിറ്റി റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും പൊതുജനങ്ങളുമായുള്ള ബന്ധം കുറയുന്നു. എഴ് വർഷത്തിനിടയിൽ കേരളത്തിൽ ബി.ജെ.പിയുടെ വോട്ട് പത്ത് ശതമാനത്തിൽ നിന്ന് ഇരുപതായി. ബി.ജെ.പി ദക്ഷിണ കേരളത്തിൽ കടന്നുകയറാൻ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് അതിന്റെ ഭാഗമാണ്. പ്രശ്നം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും യെച്ചൂരി പറഞ്ഞു.

ജനങ്ങളുമായുള്ള ബന്ധത്തിൽ

വിള്ളലെന്ന് എം.വി. ഗോവിന്ദൻ

പാർട്ടി അടിത്തട്ടിൽ ജനങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായെന്ന് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ച സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

അടിത്തട്ടിൽ നിന്ന് ലഭിക്കുന്ന തിരഞ്ഞെടുപ്പ് അവലോകന കണക്കുകൾ പൂർണമായും പാളുകയാണ്. ജനങ്ങളുമായി ബന്ധമില്ലാത്തതാണ് പ്രശ്നം. ജില്ലാ കമ്മിറ്റികൾ മൂന്ന് ഘട്ടങ്ങളായി നൽകിയ കണക്കുകളും തെറ്റി. കൊല്ലത്ത് നിന്ന് അവസാന നിമിഷം വരെ അവേശകരമായ കണക്കാണ് ലഭിച്ചത്. അലപ്പുഴ ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കണം. രക്തസാക്ഷികളുടെ മണ്ണായ പുന്നപ്ര - വയലാർ അടക്കം സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങളിൽ പോലും പിന്നോട്ട് പോയത് നിസാരമല്ല. കായംകുളത്തെ പ്രശ്നങ്ങൾ ഗൗരവമായി കാണണം. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ശക്തമായ തിരുത്തൽ നടപടിയുണ്ടാകും. നേതാക്കൾ വർത്തമാനം ശ്രദ്ധിക്കണം. പാർട്ടിയിൽ അർഹതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം നൽകുന്നു. നേതാക്കന്മാർ അധികാര കേന്ദ്രങ്ങളുമായി മാറുന്ന പ്രവണത തിരുത്തണം. 19 മുതൽ ചേരുന്ന സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്ര് യോഗങ്ങൾ തിരുത്തൽ നടപടികൾക്ക് രൂപം നൽകും.

യോഗത്തിനെതിരെ

വീണ്ടും വിമർശനം

എസ്.എൻ.ഡി.പി യോഗത്തിൽ നുഴഞ്ഞുകയറാൻ ആർ.എസ്.എസ് ശക്തമായ പരിശ്രമം നടത്തുന്നു. വനിതാ വിഭാഗം പൂർണമായും ആർ.എസ്.എസിന്റെ നിയന്ത്രണത്തിലാണ്. യുവജന വിഭാഗം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടക്കുന്നു. പാർട്ടി പ്രവർത്തകർ ഈ നീക്കം ഗൗരവമായി കാണണമെന്ന് ഗോവിന്ദൻ പറഞ്ഞു.

എസ്.എഫ്.ഐയെ

തിരുത്തണം

അടിച്ചാൽ തിരിച്ചടിക്കാനുള്ള സംഘടനയാണ് എസ്.എഫ്.ഐ എന്നാണ് ചിലരുടെ ധാരണയെന്നും അത് തിരുത്തണമെന്നും ഗോവിന്ദൻ പറഞ്ഞു. എസ്.എഫ്.ഐയുടെ സമ്മേളനങ്ങൾ വരികയാണ്. നേതൃത്വത്തെ തീരുമാനിക്കുമ്പോൾ പാർട്ടി ഘടകങ്ങൾ ജാഗ്രത കാട്ടണം.

Advertisement
Advertisement