"വർഷങ്ങൾക്കിപ്പുറവും അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന "പ്രമുഖരുള്ള " നാട്ടിൽ ബഷീറിന്റെ എഴുത്തിന് ഇന്നും പ്രസ‌ക്‌തിയേറുന്നു"

Friday 05 July 2024 8:31 AM IST

അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന "പ്രമുഖരുള്ള " നാട്ടിൽ ബഷീറിന്റെ എഴുത്തിന് ഇന്നും പ്രസ‌ക്‌തിയേറുന്നുവെന്ന് എ എ റഹീം എം പി. വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചർമവാർഷികത്തോടനുബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റഹീം രംഗത്തെത്തിയത്.

1975ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ 'ആനപ്പൂട ' യിലെ ഒരു ഭാഗം കുറിച്ചുകൊണ്ടാണ് റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സമകാലിക രാഷ്ട്രീയ കൂടോത്രങ്ങളെക്കുറിച്ച് അല്ല പറയുന്നതെന്നും കുറിപ്പിൽ പ്രത്യേകം പറയുന്നുണ്ട്. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്റെ കണ്ണൂർ നാടാലിലെ വീട്ടിൽ നിന്ന് കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് റഹീമിന്റെ പരോക്ഷ വിമർശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

" ഈ മന്ത്രച്ചരടുകളുടെ ശക്തി ക്ഷയിക്കുമോ?

"ക്ഷയിക്കില്ല. പിന്നെ കാലപ്പഴക്കം കൊണ്ടു ദ്രവിക്കും. അതിനാണു വെള്ളിയുടെയോ പൊന്നിൻ്റെയോ ഏലസ്സുകളിൽ ആക്കി കെട്ടാൻ പറഞ്ഞത്.

ഒരു കാര്യത്തിന് എന്റെ ബാപ്പാ ഉപയോഗിച്ച ഒരു മന്ത്രച്ചരടുണ്ട്. വെള്ളി ഏലസ്സിലാണ്. ബാപ്പാ മരിച്ചിട്ട് ഇരുപതു കൊല്ലമായി. ആ ഏലസ്സ് ഞാൻ ഇന്നും ഉപയോഗിക്കുന്നുണ്ട്.'

'തലവേദനയ്ക്കുള്ള മന്ത്രച്ചരട് വയറ്റിളക്കത്തിന് ഉപയോഗിക്കാമോ?'

“പറ്റില്ല. ഓരോന്നിനും ഓരോ ശക്തിയാണ്. വയറ്റിളക്കം മാറണ മെങ്കിൽ വയറ്റിളക്കം മാറാനുള്ള മന്ത്രച്ചരടുതന്നെ ഉപയോഗിക്കണം....' "

-സമകാലിക രാഷ്ട്രീയ കൂടോത്രങ്ങളെക്കുറിച്ച് അല്ല, 1975ൽ ശ്രീ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ 'ആനപ്പൂട ' യിലെ ഒരു ഭാഗം മാത്രം.

വർഷങ്ങൾക്കിപ്പുറവും അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന "പ്രമുഖരുള്ള " നാട്ടിൽ ബഷീറിൻറെ എഴുത്തിന് ഇന്നും പ്രസ്കതിയേറുന്നു. പ്രിയപ്പെട്ട

ബേപ്പൂർ സുൽത്താന്റെ ഓർമ്മകൾക്ക് 30 വയസ്.