മന്ത്രിയുടെ പണി ശരിക്കുമൊരു ഭാരമാണ്; മണ്ഡലത്തിൽ നിൽക്കുന്നത് ഒന്നോ രണ്ടോ ദിവസം മാത്രമായെന്ന് സുരേഷ് ഗോപി
തൃപ്രയാർ: തൃശൂരിലെ എൻ.ഡി.എയുടെ വിജയം ദേശീയതലത്തിൽ വലിയ അംഗീകാരമാണ് നേടി തന്നതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എൻ.ഡി.എ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവൻ സീറ്റ് നേടിയ സംസ്ഥാനങ്ങളേക്കാൾ ഇരുപതിൽ ഒന്ന് നേടിയ കേരളത്തിന് വലിയ അംഗീകാരമാണ് കിട്ടിയത്. മന്ത്രിയുടെ പണി ശരിക്കുമൊരു ഭാരമാണ്. മണ്ഡലത്തിൽ നിൽക്കുന്നത് ഒന്നോ രണ്ടോ ദിവസം മാത്രമായി. മണ്ഡലത്തിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും എം.പിയുടെ ജോലി കൃത്യമായി നടക്കും. അതിനുള്ള ആളുകളെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. വോട്ടർമാരോടുള്ള നന്ദി അഞ്ച് വർഷത്തെ പ്രവർത്തനങ്ങളിലൂടെ പ്രകടമാക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നൽകി.
സുരേഷ്‌ഗോപിക്ക് വൻ സ്വീകരണമാണ് നാട്ടികയിൽ ലഭിച്ചത്. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹിളാമോർച്ച പ്രവർത്തകർ ആരതിയുഴിഞ്ഞാണ് സുരേഷ് ഗോപിയെ വേദിയിലേക്കാനയിച്ചത്. ശ്രീനാരായണഹാളിൽ നടന്ന യോഗത്തിൽ ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, പി.കെ. ബാബു, കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, അതുല്യഘോഷ് വെട്ടിയാട്ടിൽ, ലോചനൻ അമ്പാട്ട്, ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, പൂർണിമ സുരേഷ്, സർജു തൊയക്കാവ്, എ.കെ. ചന്ദ്രശേഖരൻ, സുബീഷ് കൊന്നക്കൻ, അക്ഷയ് കൃഷ്ണ, ഷൈൻ നെടിയിരിപ്പിൽ തുടങ്ങിയവർ സംസാരിച്ചു. സുരേഷ്‌ഗോപിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചാരണ ഗാനം പാടിയ ആറാം ക്‌ളാസ് വിദ്യാർത്ഥിനി സുൾഫത്തിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.