സി.പി.എം കേന്ദ്ര കമ്മിറ്റി: ജനവികാരം മനസിലാക്കാൻ കേരള ഘടകത്തിന് കഴിയുന്നില്ല

Saturday 06 July 2024 12:36 AM IST

ന്യൂഡൽഹി : ജന വികാരവും ജനങ്ങളുടെ മുൻഗണനകളും മനസിലാക്കാൻ കേരളത്തിലെ പാർട്ടി ഘടകങ്ങൾക്ക് കഴിയുന്നില്ലെന്ന് വിമർശിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി. തിരഞ്ഞെടുപ്പിന് മുൻപും ശേഷവുമുള്ള പാർട്ടി ഘടകങ്ങളുടെ വോട്ടു കണക്കും, ഫലം വന്ന ശേഷമുള്ള യഥാർത്ഥ കണക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ജനങ്ങളുമായുള്ള പാർട്ടിയുടെ ഇപ്പോഴത്തെ ബന്ധത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്.

തിരുത്തേണ്ടത്

1. സാമൂഹ്യമാദ്ധ്യമ ഇടപെടലും ഉള്ളടക്കവും ശക്തമാക്കണം

2. യുവാക്കളെ പാർട്ടിയിലേക്ക് കൂടുതലായി ആകർഷിക്കണം

3. പഞ്ചായത്തുകളിലെയും സഹകരണ സ്ഥാപനങ്ങളിലെയും അഴിമതി അവസാനിപ്പിക്കണം

4. പാവപ്പെട്ടവർക്കും, തൊഴിലാളികൾക്കും സർക്കാർ ഫണ്ട് വിനിയോഗത്തിൽ മുൻഗണന നൽകണം

ബംഗാളിൽ നിരാശ

ബംഗാളിൽ സി.പി.എമ്മിന്റെയും ഇടതു സഖ്യത്തിന്റെയും പ്രകടനം മോശമായിരുന്നുവെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഒരു സീറ്റു പോലും നേടാനായില്ല. മുർഷിദാബാദ് സീറ്റിൽ മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും വരാനായത്. ആകെ വോട്ടു വിഹിതം നോക്കുമ്പോൾ മെച്ചപ്പെട്ട വ‌ർദ്ധനയുണ്ടായില്ല. തൃണമൂൽ കോൺഗ്രസിന് വനിതകൾക്കിടയിൽ അടക്കം സ്വാധീനമുണ്ടാക്കിയ സാമൂഹ്യക്ഷേമ പദ്ധതികളെ ചില പാർട്ടി ഘടകങ്ങൾ അഴിമതിയെന്നും മറ്റും ആക്ഷേപിച്ചത് പാർട്ടിയെ ജനങ്ങളിൽ നിന്നകറ്റി. പല ബൂത്തുകളിലും പോളിംഗ് ഏജന്റുമാർ ഉണ്ടായിരുന്നില്ല. സംഘടനയുടെ ദൗർബല്യാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ അടിത്തട്ടിൽ പരിശോധിക്കുകയും തിരുത്തൽ നടപടിയെടുക്കുകയും വേണം. തമിഴ്നാട്ടിൽ മത്സരിച്ച രണ്ടു സീറ്റിലും വിജയിച്ചു. ബി.ജെ.പി അവിടെ വളരുകയാണെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി..

Advertisement
Advertisement