ക്യാമ്പസിൽ അക്രമം അനുവദിക്കരുതെന്ന് നിർദ്ദേശിച്ചു: ഗവർണർ

Saturday 06 July 2024 1:06 AM IST

തിരുവനന്തപുരം: സർവകലാശാല ക്യാമ്പസുകളിൽ അക്രമം നടത്താൻ ആരെയും അനുവദിക്കരുതെന്ന് വൈസ്ചാൻസലർമാർക്ക് നിർദ്ദേശം നൽകിയതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിമിനൽ പശ്ചാത്തലമുള്ളവർ സംഘടനകളിലുണ്ടാവുന്നത് നാണക്കേടാണ്. നിയമം കൈയിലെടുത്ത് രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യ വിരുദ്ധവും പരിഷ്കൃത സമൂഹത്തിന് ചേരാത്തതുമാണ്. ഗുരുതര കുറ്റകൃത്യമാണത്. ചാൻസലർ എന്ന നിലയിൽ ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ല.

തനിക്കെതിരെ സമരം ചെയ്യാൻ എസ്.എഫ്.ഐയ്ക്ക് സ്വാതന്ത്ര്യമുണ്ട്. നേരത്തേ തനിക്കെതിരെ നടത്തിയ സമരം എന്തിനാണ് പിൻവലിച്ചത്. അതിന് താൻ ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം ക്രിമിനലുകളെയും സംഘങ്ങളെയും നേരിടാൻ തനിക്ക് ഭയമില്ല. എസ്.എഫ്.ഐക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന പ്രചാരണം കളവാണ്. തന്റെ കാർ തകർത്തതും പ്രിൻസിപ്പലിനെ ആക്രമിച്ചതും ആരാണ്. ഇതെല്ലാം വ്യാജ ആരോപണങ്ങളാണോ. സ്ഥിരമായി അക്രമം കാട്ടുന്ന ഈ സംഘടനയിലുള്ളവരെ സർവകലാശാലകളുടെ ഒരു സമിതിയിലേക്കും നോമിനേറ്റ് ചെയ്യില്ല.

Advertisement
Advertisement