ഉപരാഷ്ട്രപതി ഇന്ന് കൊല്ലത്ത്
കൊല്ലം: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കൊല്ലത്ത് എത്തും. ഇന്ന് വൈകിട്ട് 3.10ന് വ്യോമസേനയുടെ ഹെലികോപ്ടറിൽ ആശ്രാമം മൈതാനത്ത് ഇറങ്ങും. തുടർന്ന് റോഡ് മാർഗം 3.55ന് ലീല അഷ്ടമുടി ഹോട്ടലിലെത്തും. വൈകിട്ട് 5.30ന് അഷ്ടമുടി കായലിൽ ഒരുമണിക്കൂർ ക്രൂയിസ് സവാരി നടത്തും. 7ന് രാവിലെ 9.10ന് ആശ്രാമത്ത് നിന്ന് ഹെലികോപ്ടറിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും 9.45ന് ഡൽഹിയിലേക്കും തിരിക്കും.
കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ.എസ്.ടി) ബിരുദദാന ചടങ്ങിനായാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ 10.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സ്വീകരണത്തിന് ശേഷം 11.25ന് റോഡ് മാർഗം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസിലെത്തും. പരിപാടികളിൽ പങ്കെടുത്തശേഷം 3.05ന് വിമാനത്താവളത്തിൽ തിരിച്ചെത്തിയ ശേഷമാണ് കൊല്ലത്തേക്ക് പുറപ്പെടുക.
പഴുതടച്ച സുരക്ഷ
കർശന സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിട്ടുള്ളത്. ആശ്രാമം മൈതാനത്തും നഗരത്തിലും പൊലീസ് സുരക്ഷാ പരിശോധന നടത്തി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടികൾ വിലയിരുത്തി. ഇന്നലെ ആശ്രാമത്ത് നിന്ന് ലീല അഷ്ടമുടി ഹോട്ടൽ വരെ പൊലീസ് സേനയുടെ റിഹേഴ്സൽ നടന്നു. കഴിഞ്ഞ ദിവസം വ്യോമസേനയുടെ ഹെലികോപ്ടർ ആശ്രാമത്തേക്ക് ട്രയൽ റൺ നടത്തിയിരുന്നു.