 റോഡുകൾ മരണക്കയം: പ്രതിപക്ഷം -- റോഡിൽ കുഴിയില്ലാത്ത കേരളം സ്വപ്നമെന്ന് മന്ത്രി

Saturday 06 July 2024 2:34 AM IST

 സഭയിൽ വൗക്കൗട്ട്

തിരുവനന്തപുരം: റോഡുകളുടെ പരിതാപാവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് ആരോപിച്ച് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പണം നൽകാത്തതിനാൽ കരാറെടുക്കാൻ ആളില്ലെന്നും ജനങ്ങളുടെ നടുവൊടിയുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. റോഡപകടങ്ങൾ കൂടാൻ കാരണം കുഴിയാണ്.

നല്ല റോഡിനായി ശാസ്ത്രീയ രീതി അവലംബിക്കുമെന്നും റോഡിൽ ഒരു കുഴിപോലുമില്ലാത്ത കേരളമാണ് സ്വപ്നമെന്നും മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി.

കുഴിയിൽ വീണ് ഗർഭം അലസിയ സംഭവം വരെയുണ്ടായി. ഇതിന് പൊതുമരാമത്ത് വകുപ്പ് അധികൃതർക്കെതിരേ കേസെടുക്കണമെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് ലീഗിലെ നജീബ് കാന്തപുരം ആവശ്യപ്പെട്ടു. ദേശീയപാതയിലെ പണി തോന്നുംപടിയാണെന്നും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തെത്താൻ 8 മണിക്കൂറെടുക്കുമെന്നും സതീശൻ പറഞ്ഞു. സമാന്തര പാതയൊരുക്കുന്നതിൽ പരാജയപ്പെട്ടു. റോഡുകൾ പുതുക്കിപ്പണിത് പിറ്റേന്നു തന്നെ വെട്ടിപ്പൊളിക്കുകയാണ്. വകുപ്പുകൾ തമ്മിൽ ഏകോപനമില്ല.

ദേശീയപാത നിർമ്മാണ ഏകോപനത്തിന് നോഡൽ ഓഫീസർമാരെ നിയോഗിച്ചെന്ന് റിയാസ് പറഞ്ഞു. വാഹനങ്ങൾ വഴിതിരിച്ചുവിടുമ്പോൾ ബോർഡ് വയ്ക്കാനും നിർദ്ദേശിച്ചു. അറ്റകുറ്റപ്പണിക്ക് ശാസ്ത്രീയ മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്. ഡിഫക്ട് ലയബിലിറ്റി പിരീയഡിന്റെ നിരീക്ഷണത്തിന് എം.എൽ.എമാർക്കും അവസരമുണ്ടാക്കും. 90 ശതമാനം റോഡുകളും ഗതാഗതയോഗ്യമാണ്.

പൈപ്പിടാൻ പൊളിച്ചാൽ

മരാമത്ത് തന്നെ നന്നാക്കും

സംസ്ഥാനത്ത് 29,522 കിലോമീറ്ററിലാണ് പൊതുമരാമത്ത് റോഡുള്ളത്. 1.96 ലക്ഷം കിലോമീറ്റർ തദ്ദേശവകുപ്പിനു കീഴിലും. മരാമത്തിന്റെ 16,850 കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിലാക്കി. ജലവിതരണ പൈപ്പിടാൻ റോഡ് മുറിച്ചശേഷം അടയ്ക്കുന്നത് പലപ്പോഴും ഫലവത്താകാറില്ല. വെട്ടിമുറിക്കുന്ന റോഡുകളുടെ പുനഃസ്ഥാപനം ഇനി പൊതുമരാമത്തു തന്നെ ചെയ്യും.

Advertisement
Advertisement