ഇന്നിറങ്ങുന്നു യുവ ഇന്ത്യ

Saturday 06 July 2024 5:24 AM IST

ഹരാരെ: ട്വന്റി-20 ലോക ചാമ്പ്യന്മാരായ ടീം ഇന്ത്യയും സമീപകാലത്തെ തിരിച്ചടികളിൽ നിന്ന് കരകയറാനൊരുങ്ങുന്ന സിംബാബ്‌വെയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹരാരെയിൽ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 4.30 മുതലാണ് മത്സരം.

ഭാവിയിലേക്ക് കണ്ണുനട്ട്

ട്വന്റി-20യിൽ ലോക ചാമ്പ്യന്മാരായ ശേഷം ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം കൂടിയാണിത്. അതേസമയം ട്വന്റി-20 ലോകകപ്പ് നേടിയ പതിനഞ്ചംഗ ടീമിലുണ്ടായിരുന്ന ആരും സിംബാബ്‌വെയ്‌ക്കതിരായ ട്വന്റി-20 പരമ്പരയിലെആ്ദയ മത്സരങ്ങളിൽ കളിക്കുന്നില്ല. ശുഭ്‌മാൻ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമിൽ എല്ലാവരും യുവതാരങ്ങളാണ്. രോഹിത്ശ‌ർമ്മ, വിരാട് കൊഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങൾ എല്ലാം ട്വന്റി-20യിൽ നിന്ന് വിരമിച്ച സ്ഥിതിക്ക് യുവതാരങ്ങളുടെ പരീക്ഷ ശാല കൂടിയാണ് സിംബാബ്‌വെ. ലോകകപ്പോടെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്ന് മാറിയതിനാൽ വി.വി.എസ് ലക്ഷ്മണിന്റെ ശിക്ഷണത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

മറുവശത്ത് സിംബാബ്‌വെയും തലമുറമാറ്റത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ട്വന്റി-20 ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്നതിനെത്തുടർന്ന് സിക്കന്ദർ റാസയുടെ നേതൃത്വത്തിൽ യുവതാരങ്ങളുടെ സംഘമാണ് ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നത്.

സഞ‍്ജു മൂന്നാം മത്സരം മുതൽ

ലോകകപ്പ് ടീമിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസൺ,​ ശിവം ദുബെ,​ യശ്വസി ജയ്‌സ്വാൾ എന്നിവർ പരമ്പരയിലെ മൂന്നാം മത്സരം മുതൽ ടീമിനൊപ്പം ചേരും. ലോകകപ്പ് ഫൈനലിന് ശേഷം മോശം കാലാവസ്ഥ മൂലം ഡീം ബാർബഡോസിൽ രണ്ട് ദിവസം കുടുങ്ങിപ്പോയിരുന്നു. നാട്ടിൽ തിരിച്ചെത്താൻ വൈകിയതിനെത്തുടർന്നാണ് മൂന്ന് പേരെയും ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും ഒഴിവാക്കിയത്.  വ്യാഴാഴ്ച ഇന്ത്യയിലെത്തി പ്രധാന മന്ത്രിയെ ഉൾപ്പെടെസന്ദർശിച്ച് പിന്നീട് മുംബയിലെ വമ്പൻ വിജയാഘോഷത്തിലും പങ്കെടുത്ത ശേഷമാണ് സഞ്ജുവും ദുബെയും ജയ്‌സ്വാളും ഹരാരെയിലേക്ക് പോയത്. സിംബാബ്‌വെ പര്യടനം കഴിഞ്ഞ ശേഷമേ സഞ്ജു കേരളത്തിൽ തിരിച്ചെത്തൂ.

ടീം ന്യൂസ്

ഇന്ത്യ

യശ്വസിയുടെ അഭാവത്തിൽ അഭിഷേക് ശ‌ർമ്മയായിരിക്കും ഗില്ലിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. റുതുരാജ് ഗെയ്‌ക്‌വാദ് മൂന്നാം നമ്പറിൽ ഇറങ്ങിയേക്കുമെന്നാണ് വിവരം. ലോകകപ്പിൽ ഇന്ത്യയുടെ റിസർവ് ടീമിലായിപ്പോയ റിങ്കു സിംഗും ഖലിലൂം കളിക്കുമെന്നാണ് വിവരം. സഞ്ജുവില്ലാത്തതിനാൽ ധ്രുവ് ജുറലോ ജിതേഷ് ശർമ്മയോ ആയിരിക്കും

വിക്കറ്റ് കീപ്പർ.

സാധ്യതാ ടീം-ഗിൽ, അഭിഷേക്,റുതുരാജ്, പരാഗ്, റിങ്കു,ധ്രുവ്/ജിതേഷ്, സുന്ദർ,ബിഷ്ണോയ്,ആവേശ്,തുഷാർ ദേശ്പാണ്ഡെ, ഖലീൽ അഹമ്മദ്.

സിംബാബ്‌വെ- പുതിയ പ്രതിഭകളെ വളർത്തിക്കൊണ്ടുവന്ന് ലോകക്രിക്കറ്റിൽ പഴയപ്രതാപം തിരിച്ചുപിടിക്കുരയെന്നതാണ് സിംബാബ്‌വെയുടെ ലക്ഷ്യം. സീനിയർ താരങ്ങളായ സീൻ വില്യംസ്, ക്രെയ്‌ഗ് ഇർവിൻ,റയാൻ ബുറൽ എന്നിവരെയെല്ലാം ഒഴിവാക്കി.അതേസമയം ഡ്രഗ് ഉപയോഗിച്ചതിന് നാല് മാസത്തെ വിലക്ക് നേരിട്ട വെസ്ലി മധെവെരെ, ബ്രണ്ടൻ മവുത എന്നിവർ ടീമിൽതിരിച്ചെത്തിയിട്ടുണ്ട്.
സാധ്യതാ ടീം-ബെന്നറ്റ്,മുരുവാനി,സിക്കന്ദർ റാസ്സ, കാംപെൽ,നഖ്‌വി,മദാൻദെ, ജോംഗ്‌വെ,ഫർസാൻ അക്രം,മസകഡ്സ, മധെവെരെ,മുസറബാനി.

ലൈവ്

സോണി ചാനലുകളിലും സോണിലിവിലും

Advertisement
Advertisement