'കുറേ പാടുപെട്ടു, എത്ര ശ്രമിച്ചിട്ടും കുട്ടി കരഞ്ഞില്ല, ഒടുവിൽ ജയറാം പോയി എന്തോ ചെവിയിൽ പറഞ്ഞു'
'തൂവൽ സ്‌പർശം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവങ്ങൾ കൗമുദി മൂവീസിനോട് പങ്കുവയ്‌ക്കുകയാണ് സംവിധായകൻ കമൽ.
'ഫ്ലാറ്റ് സംസ്‌കാരം തുടങ്ങി വരുന്ന സമയത്താണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. നാല് നായകന്മാരും ഒരു ചെറിയ കുട്ടിയുമാണ് ഇതിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഒരുമിച്ച് താമസിക്കുന്ന ചെറുപ്പക്കാർക്ക് യാദൃശ്ചികമായി ഒരു ആറ് മാസമായ കുഞ്ഞിനെ കിട്ടുന്നു. അതുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ട് പോകുന്നത്. ചെറിയ കുട്ടിയെ കൊണ്ട് അഭിനയിപ്പിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ട് കുട്ടി ഉറങ്ങുന്ന സമയത്ത് ഞങ്ങൾ ഷൂട്ട് ചെയ്യും. ശബ്‌ദം കേട്ടാൽ കുട്ടി ഉണരും അതുകൊണ്ട് എല്ലാവരും ആംഗ്യഭാഷയിലൂടെയാണ് സംസാരിച്ചത്. '
'ഒരു സീനിൽ കുട്ടി കരയണം. പക്ഷേ, എത്ര ശ്രമിച്ചിട്ടും കുട്ടി കരയുന്നില്ല. എല്ലാവരെയും നോക്കി ചിരിക്കുകയാണ്. അവസാനം ജയറാം വന്ന് എന്നോട് പറഞ്ഞു. ഞാൻ കുട്ടിയെ കരയിക്കാം പക്ഷേ എങ്ങനെ കരയിച്ചു എന്ന് ചോദിക്കരുത് എന്ന്. ക്യാമറ എല്ലാം സെറ്റാക്കി. ജയറാം പോയി എന്തോ കുട്ടിയുടെ ചെവിയിൽ പറഞ്ഞു. പിന്നെ നിർത്താതെ കരച്ചിലായിരുന്നു. എന്താ പറഞ്ഞതെന്ന് ഞങ്ങളെല്ലാം മാറിമാറി ചോദിച്ചിട്ടും ജയറാം പറഞ്ഞില്ല. അവസാനം വന്ന് എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ കുട്ടിയോടൊന്നും പറഞ്ഞില്ല. എന്റെ നഖം വച്ച് കുഞ്ഞിനെ പിച്ചിയതാണ് എന്ന്. വിഷമം തോന്നി. പക്ഷേ, സിനിമ എന്നാൽ അങ്ങനെയാണ്. ' - കമൽ പറഞ്ഞു.