റേഷൻ കാർഡിന്റെ നിറമേതാ, പിരിക്കാൻ പോകുന്നത് നാലേകാൽ കോടി

Saturday 06 July 2024 3:48 PM IST

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ ക്ഷേമപെൻഷൻ കുടിശ്ശിക തീർത്തുനൽകുന്നതിനും ക്ഷേമനിധിയിലേക്ക് തുക സമാഹരിക്കാനുമായി മുൻഗണനേതര വിഭാഗം ഗുണഭോക്താക്കളിൽ നിന്നു നിശ്ചിത കാലത്തേക്ക് പ്രതിമാസം ഒരു രൂപ വെൽഫയർ ഫണ്ട് സെസ് ഈടാക്കാനുള്ള ഭക്ഷ്യവകുപ്പ് പദ്ധതി നടപ്പായില്ല. പരിഗണനയ്ക്കായി ധനവകുപ്പിന് അയച്ച ഫയൽ അവിടെ പിടിച്ചുവച്ചിരിക്കുകയാണ്. അഞ്ച് മാസമായി പെൻഷൻ കുടിശ്ശികയാണ്.

1500 രൂപയാണ് പെൻഷൻ തുക. മറ്റ് ക്ഷേമപെൻഷനുകളെ അപേക്ഷിച്ച് കുറവാണിത്. റേഷൻ വാങ്ങുന്ന നീല, വെള്ള കാ‌ർഡുകാരിൽ നിന്ന് ഒരു രൂപ വീതം ആറു മാസം ഈടാക്കിയാൽ 2.12 കോടി രൂപ സമാഹരിക്കാനാകും. ഒരു വർഷം വരെ തുടർന്നാൽ 4.24 കോടിയും ലഭ്യമാകും.

മന്ത്രി ജി.ആർ.അനിൽ റേഷൻ വ്യാപാരികളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് രൂപം നൽകിയത്.

200 രൂപയാണ് പ്രതിമാസം ക്ഷേമനിധിയിലേക്ക് ഒരു വ്യാപാരി അടയ്ക്കുന്നത്. 62 വയസ് കഴിയുമ്പോഴാണ് പെൻഷൻ ലഭ്യമാവുക. ക്ഷേമനിധി രൂപീകരിച്ചപ്പോൾ വിദ്യാഭ്യാസ വായ്പ, ചികിത്സാ ധനസഹായം എന്നിവയൊക്കെ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പെൻഷൻപോലും കിട്ടാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു.

റേഷൻ വാങ്ങുന്നത് 68%

നീല കാർഡ്........................................... 23,01,303

വെള്ള കാർഡ്........................................ 28,86,580

ആകെ........................................................ 51,87,883

റേഷൻ വാങ്ങുന്നത് (ശരാശരി 68%)... 35,27,760

`ഒരു രൂപയുടെ കാര്യത്തിൽപോലും സർക്കാർ പിടിവാശി കാണിക്കുകയാണ്. റേഷൻ വ്യാപാരികളുടെ സങ്കടം കാണാൻ ആരുമില്ല'

-ടി.മുഹമ്മാദാലി,

സെക്രട്ടറി, കേരള റീട്ടെയിൽ

റേഷൻ ഡീലേഴ്സ് അസോസിയേഷൻ