മദർഷിപ്പുകൾ തുരുതുരാ വരും; കേരളം വളരും

Sunday 07 July 2024 4:34 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കൂറ്റൻ മദർഷിപ്പുകൾ തുരുതുരാ വരുമെന്ന പ്രതീക്ഷയിലാണ് അദാനി ഗ്രൂപ്പ്. 12ന് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ നങ്കൂരമിടുന്നതോടെ തുറമുഖം വാണിജ്യ സജ്ജമാവുകയാണ്.

രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് ഹബായ വിഴിഞ്ഞത്ത് ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ അടുപ്പിക്കാം. ഇവിടെയിറക്കുന്ന കണ്ടെയ്‌നറുകൾ ചെറിയ ഫീഡർ കപ്പലുകളിൽ രാജ്യത്തെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാം. മറ്റ് രാജ്യങ്ങളിലേക്കുള്ള ചരക്കും ഇറക്കാം. അതോടെ ആഗോള ട്രാൻസ്ഷിപ്മെന്റ് ഹബ് ആയി വിഴിഞ്ഞം വളരും. കേരളം ആഗോള സമുദ്രവ്യാപാരത്തിന്റെ കേന്ദ്രബിന്ദുവാകും.

വൻകിട കമ്പനികൾ വിഴിഞ്ഞത്തേക്ക് സർവീസിന് താത്പര്യമറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ വർഷം 2500കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന് വർഷം 400കോടി ജി.എസ്.ടി കിട്ടും. ആയിരക്കണക്കിന് തൊഴിലവസരങ്ങളും വരും.

യൂറോപ്പ്, ഗൾഫ്, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പൽ പാതയോട് 10 നോട്ടിക്കൽ മൈൽ അടുത്താണ് വിഴിഞ്ഞം എന്നതാണ് അനുകൂലം. മദർഷിപ്പ് തുറമുഖങ്ങൾ ഇല്ലാത്തതിനാൽ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന ചരക്ക് ദുബായ്,കൊളംബോ,സിംഗപ്പൂർ തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

വിശാഖപട്ടണം, മുന്ദ്ര തുറമുഖങ്ങളിൽ മദർഷിപ്പുകൾ അടുക്കില്ല. വിഴിഞ്ഞം തുറക്കുന്നതോടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. രാജ്യാന്തര കപ്പൽചാലി‍ൽ നിന്ന് 50കിലോമീറ്റർ അകലെയുള്ള കൊളംബോയെ അപേക്ഷിച്ച് 24മീറ്റർ സ്വാഭാവിക ആഴവും വിഴിഞ്ഞത്തിന് ഗുണകരമാണ്.

കൂറ്റൻ കപ്പലുകൾ അടുക്കും

ലോകത്തെ ചരക്കുനീക്കത്തിൽ ഭൂരിഭാഗവും മദർഷിപ്പുകളിലാണ്. മിക്കവയും 10,000 ടി.ഇ.യു കണ്ടെയ്‌നറുകൾ കടത്താവുന്നതാണ്. ( 20 അടി നീളം,​ 8 അടി വീതി,8 അടി ഉയരമുള്ള ഒരു കണ്ടെയ്‌നർ ആണ് ഒരു ടി. ഇ. യു -ട്വന്റി ഫുട് ഇക്വലന്റ് യൂണിറ്റ് )വിഴിഞ്ഞത്ത് 24,000ടി.ഇ.യു ശേഷിയുള്ള കപ്പലുകൾ അടുപ്പിക്കാം. വിഴിഞ്ഞത്തേക്ക് വരുന്ന സാൻ ഫെർണാണ്ടോ കപ്പലിന്റെ ശേഷി 8,700 ടി. ഇ.യു ആണ്.

ഒരുക്കങ്ങൾ പൂർത്തിയാവുന്നു

തുറമുഖത്ത് 2,960 മീറ്റർ പുലിമുട്ട് പൂർത്തിയാക്കി. സംരക്ഷണ ഭിത്തി നിർമ്മാണം പുരോഗമിക്കുന്നു. 800 മീറ്റർ കണ്ടെയ്‌നർ ബെർത്ത് പൂർത്തിയായി. ഇതിൽ 400 മീറ്റർ പ്രവർത്തനസജ്ജം. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ നാലുവരിപ്പാതയുടെ 600 മീറ്റർ നിർമ്മിച്ചു.

Advertisement
Advertisement