'സോൾപിഡെം' രാസ ലഹരി മരുന്നുമായി യുവാവ് പിടിയിൽ

Saturday 06 July 2024 9:16 PM IST

കൊച്ചി: സെഡേറ്റീവ് ഹിപ്‌നോട്ടിക്‌സ് വിഭാഗത്തിൽപ്പെടുന്ന 'സോൾപിഡെം' എന്ന മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊച്ചി പാലാരിവട്ടം മാമംഗലത്ത് പദ്മശ്രീ ലൈനിൽ സഫ്രോൺ വില്ലാസിൽ താമസിക്കുന്ന മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാൻ (21) ആണ് എക്‌സൈസിന്റെ പിടിയിലായത്. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സമാശ്വാസം നൽകുന്നതിന് ഉപയോഗിക്കുന്ന മരുന്നിന്റെ 75 ഗുളികകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. 9 രൂപ മാത്രം വിലയുള്ള ഒരുഗുളിക 100 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. ഇത്തരത്തിലുള്ള ഗുളികകൾ 1ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഇയാളുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ ഷോപ്പിൽ നിന്നാണ് മരുന്ന് സംഘടിപ്പിച്ചത്. കലൂർ, പൊറ്റക്കുഴി, എളമക്കര ഭാഗങ്ങളിലായിരുന്നു വില്പന. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീമിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ പ്രതി മയക്കുമരുന്നുമായി കലൂർ പൊറ്റക്കുഴി ഭാഗത്ത് വില്പനയ്ക്ക് നിൽക്കവേ പിടിയിലാകുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് സെഡേറ്റീവ് 'സോൾപിഡെം" ഇത്രയും വലിയ അളവിൽ പിടികൂടുന്നത്.

എറണാകുളം സ്‌പെഷ്യൽ സ്‌ക്വാസ് ഇൻസ്‌പെക്ടർ, കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി.ടോമി, എറണാകുളം ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ ജിനേഷ് കുമാർ സി.പി., സജോ വർഗീസ്, ടി.ടി. ശ്രീകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

Advertisement
Advertisement