വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു, കെ.എസ്.ഇ.ബി.ഓഫീസ് ആക്രമിച്ച പ്രതിക്ക് 'ഇരുട്ടടി'

Sunday 07 July 2024 4:09 AM IST

ജീവനക്കാരെ മർദ്ദിച്ചു ഉപകരണങ്ങൾ തകർത്തു മൂന്ന് ലക്ഷം നഷ്‌ടം

തിരുവനന്തപുരം:ബില്ലടയ്‌ക്കാത്തതിന് വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ചതിന്റെ ദേഷ്യത്തിൽ കെ.എസ്.ഇ.ബി. ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്‌ത ആളുടെ വീട്ടിലെ വൈദ്യുതി ഇനിയൊരുത്തരവ് വരെ വിച്ഛേദിച്ചു. ചെയർമാൻ ബിജുപ്രഭാകറിന്റെ നിർദ്ദേശപ്രകാരമാണിത്.

സംസ്ഥാനത്ത് ആദ്യമാണ് ഇത്ര ശക്തമായ നടപടി. അക്രമിക്കെതിരെ നിയമനടപടിയും സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

തിരുവമ്പാടി കെ.എസ്.ഇ.ബി സെക്‌ഷൻ ഓഫീസിലാണ് അതിക്രമം. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി വ്യക്തമാക്കി തിരുവമ്പാടി ഉള്ളാട്ടിൽ ഹൗസിൽ അജ്മൽ ആണ് ആക്രമണം നടത്തിയത്.

ബില്ലടയ്‌ക്കാത്തതിന് ഇയാളുടെ പിതാവ് റസാക്കിന്റെ പേരിലുള്ള കണക്‌ഷനാണ് റദ്ദാക്കിയത്. തുടർന്ന് വെള്ളിയാഴ്ച കെ.എസ്.ഇ.ബി.ഒാഫീസിൽ എത്തിയ അജ്മൽ ഭീഷണി മുഴക്കുകയും ലൈൻമാൻ പ്രശാന്തിനെയും സഹായി അനന്തുവിനേയും കയ്യേറ്റം ചെയ്യുകയും ചെയ്തു.

ഇതിനെതിരെ അസിസ്റ്റന്റ് എൻജിനീയർ പ്രശാന്ത്.പി. എസ് പൊലീസിൽ പരാതി നൽകി. ഇതിൽ കുപിതനായ അജ്മൽ കൂട്ടാളി ഷഹദാദിനൊപ്പം ഇന്നലെ രാവിലെ സൺറൈസ് മീറ്റിംഗ് സമയത്ത് സെക്‌ഷൻ ഓഫീസിൽ അതിക്രമിച്ചു കയറി പി.എസ്.പ്രശാന്തിന്റെ ദേഹത്ത് മലിന ജലം ഒഴിച്ച് ബഹളമുണ്ടാക്കി. സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിച്ചു. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ അക്രമികൾ കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ഉപകരണങ്ങൾ തച്ചുതകർത്ത് വലിയ നാശമുണ്ടാക്കി. മർദ്ദനമേറ്റ അസി. എൻജിനീയറും നാല് ജീവനക്കാരും മുക്കം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തു.കെ.എസ്.ഇ.ബി.ഒാഫീസ് ആക്രമണങ്ങൾ കൂടുന്നതിനാലാണ് അധികൃതർ ശക്തമായ നടപടി എടുക്കുന്നതെന്നാണ് വിശദീകരണം.

Advertisement
Advertisement